ബലാല്‍സംഘത്തിന് ഇരയായി പ്രസവിച്ച 16 കാരിയുടെ കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപക്ക് വിറ്റു

നാഗ്പൂരില്‍ ആണ് സംഭവം. ബലാത്സംഗത്തിനിരയായി പ്രസവിച്ച 16കാരിയുടെ രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ബന്ധു 90,000 രൂപക്ക് വിറ്റത്. ബന്ധുക്കള്‍ നിര്‍ബന്ധിപ്പിച്ച് കുഞ്ഞിനെ ദത്തുനല്‍കാനെന്ന വ്യാജേന വില്‍ക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പറയുന്നു. വനിത-ശിശുക്ഷേമ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്‌വാലി പൊലീസ് കേസില്‍ ഇടപെട്ടത്. ബന്ധു തന്റെ കുഞ്ഞിനെ 90,000 രൂപക്ക് വിറ്റതായി പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴി നല്‍കി.

കുഞ്ഞിനെ വാങ്ങിയ സ്ത്രീക്ക് ബന്ധു 100 രൂപയുടെ മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. കേസിന് അനധികൃത ദത്തെടുക്കല്‍ മാഫിയ, മനുഷ്യക്കടത്ത് സംഘം എന്നിവയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. മേയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്നറിഞ്ഞത്. സംഭവത്തില്‍ അയല്‍വാസിയായ 16കാരനെതിരെ കോട്‌വാലി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂലൈ അവസാനമാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിതാവ് നേരത്തെ മരിക്കുകയും മാതാവ് ഉപേക്ഷിക്കുകയും ചെയ്തതോടെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം.

അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനും ഏതെങ്കിലും സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനും വനിതാ-ശിശുക്ഷേമ വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടു. ‘അനധികൃതമായ സംവിധാനത്തിലൂടെ ദത്തെടുക്കാനുള്ള പണ കൈമാറ്റം കുറ്റകരമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മനുഷ്യക്കടത്തിന്റെ ഗണത്തിലാണ് ഇത് പെടുത്തുക’ -ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ മുഷ്താഖ് പത്താന്‍ പറഞ്ഞു.