ഒരു ബെഞ്ചില്‍ 2 കുട്ടികള്‍ , ഉച്ചഭക്ഷണം ഇല്ല, യൂണിഫോം നിര്‍ബന്ധമില്ല

കേരളത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവന്‍സ് നല്‍കും. സ്‌കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. വലിയ സ്‌കൂളുകള്‍ ഉള്ള സ്ഥലത്ത് കൂടി കെഎസ്ആര്‍ടിസി സര്‍വീസിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്- മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ ദിവസവും ക്ലാസുകള്‍ അണുവിമുക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് ഓണ്‍ലൈന്‍ ആയി നല്‍കും. സ്‌കൂളില്‍ അധ്യാപകരുടെ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. ശശീര ഊഷ്മാവ്, ഓക്‌സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളില്‍ വിടരുത്. അഞ്ചുദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും. സ്‌കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്‌കൂള്‍ തുറക്കും മുന്‍പ് സ്‌കൂള്‍തല പിടിഎ യോഗം ചേരും. ക്ലാസുകളുടെ ക്രമീകരണം, മുന്നൊരുക്കങ്ങള്‍ എന്നിവയ്ക്ക് അധ്യാപക സംഘടനകളുമായടക്കം വിപുലമായ ചര്‍ച്ചകളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം കിട്ടും. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റും. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് കൂട്ടിയെന്നും മന്ത്രി പറഞ്ഞു.