വീണാ ജോര്‍ജിനെതിരേ മോശം പരാമര്‍ശം ; പി സി ജോര്‍ജിനെതിരെ കേസെടുത്തു
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ പൂഞ്ഞാര്‍ എം എല്‍ എയുമായ പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകന്‍ ബി എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയില്‍ എറണാകുളം ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ പി സി ജോര്‍ജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്.
പി സി ജോര്‍ജിന്റെ ടെലഫോണ്‍ സംഭാഷണം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ക്രൈം നന്ദകുമാറിനെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ജോര്‍ജുമായി നന്ദകുമാര്‍ നടത്തിയ ടെലഫോണ്‍ അഭിമുഖമാണ് വിവാദമായത്. ‘മന്ത്രിയാകാന്‍ യോഗ്യതയില്ലാത്ത ആളാണ് വീണ ജോര്‍ജെന്ന് തെളിയിച്ചെന്നും സിനിമാ നടിയാകാന്‍ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും’ സംഭാഷണത്തില്‍ ജോര്‍ജ് പറയുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അഭിമുഖമെന്നും അത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.