ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ് ; ഗുണ്ടാത്തലവനടക്കം 3 പേര്‍ കൊല്ലപ്പെട്ടു
കോടതിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഡല്‍ഹിയിലുള്ള രോഹിണി കോടതിയില്‍ ആണ് ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടിയത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ സംഘമാണ് കോടതിക്കകത്ത് വെടിയുതിര്‍ത്തത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജിതേന്ദ്ര ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഈ സമയത്താണ് അഭിഭാഷകരുടെ വേഷത്തിലെത്തിയ ആയുധധാരികള്‍ ഗോഗിക്കെതിരെ വെടിവെച്ചത്. ഇവരുടെ എതിരാളികളായ ടില്ലു ഗുണ്ടാസംഘമാണ് വെടിവയ്പ്പിനു പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
അക്രമിസംഘത്തില്‍നിന്നുള്ള രണ്ടുപേര്‍ പൊലീസ് വെടിവയ്പ്പിലും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഗോഗി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാളെ ഡല്‍ഹി പൊലീസ് പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന വിവരം അറിഞ്ഞാണ് അക്രമിസംഘമെത്തിയതെന്നാണ് അറിയുന്നത്. ഗോഗിയുടെ ഗുണ്ടാസംഘവും ടില്ലു സംഘവും തമ്മിലുള്ള വൈരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുസംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ ഇതുവരെ 25ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഡല്‍ഹി പോലീസിന് സംഭവം നാണക്കേടും തലവേദനയും ആയി മാറിക്കഴിഞ്ഞു.