പരോളില്‍ ഇറങ്ങിയ പ്രതികള്‍ ജയിലിലേക്ക് തിരിച്ചു പോകണം ; സര്‍ക്കാര്‍ ഉത്തരവിനു സുപ്രീംകോടതിയുടെ സ്റ്റേ
കൊവിഡ് സമയം പരോളില്‍ ഇറങ്ങിയ പ്രതികള്‍ ജയിലിലേക്ക് തിരിച്ചു പോകണമെന്ന കേരള സര്‍ക്കാറിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളത്തില്‍ നിന്നുള്ള ഒരു തടവുകാരന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീംകോടതിയുടെ നിലവിലുളള ഉത്തരവിന് എതിരാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ചൂണ്ടിക്കാണിയാണ് ഹര്‍ജി നല്‍കിയത്.ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. പരോള്‍ ലഭിച്ചവര്‍ ഈ മാസം 26 മുതല്‍ ജയിലുകളിലേക്ക് മടങ്ങണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ജയിലുകള്‍ കൊവിഡ് ഭീഷണിയിലായതോടെ തടവുപുള്ളികളെ പരോളില്‍ വിടാന്‍ ആവശ്യപ്പെട്ട് മെയ് ഏഴിനാണ് സുപ്രീംകോടതി ഉത്തരവിറക്കിയിത്. കൊവിഡ് സാഹചര്യത്തില്‍ ഉന്നതതല സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിം കോടതി നീട്ടി നല്‍കിയിരുന്നു. സുപ്രിം കോടതി ഉത്തരവ് സര്‍ക്കാര്‍ ലംഘിച്ചെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി രഞ്ജിത് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.