ബി ജെ പി പിന്തുണയില്‍ കോട്ടയത്തു ഭരണം പിടിച്ചു എല്‍ ഡി എഫ്

ബി ജെ പി പിന്തുണയില്‍ കോട്ടയം നഗരസഭയില്‍ 20 കൊല്ലം നീണ്ട യുഡിഎഫ് ഭരണത്തിന് അറുതി വരുത്തി എല്‍ ഡി എഫ്. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. എല്‍ഡിഎഫിലെ 21 അംഗങ്ങളും ബിജെപിയിലെ എട്ട് അംഗങ്ങളും അടക്കം 29 പേരുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ യുഡിഎഫ് വിമതയായി മത്സരിച്ച് പിന്നീട് യുഡിഎഫ് പിന്തുണയില്‍ അധികാരത്തിലെത്തിയ ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് പുറത്തായി.

കോട്ടയം ജില്ലയില്‍ മൃഗീയ ഭൂരിപക്ഷത്തോടെ കാലങ്ങളായി ഭരണം നിലനിര്‍ത്തിയ ഒരു നഗരസഭയാണ് യുഡിഎഫിന് നഷ്ടമായത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് യുഡിഎഫ് വിട്ടുനിന്നു. ഒമ്പതുമാസം നീണ്ട യുഡിഎഫ് ഭരണം പൂര്‍ണമായും പരാജയമായിരുന്നുവെന്ന് ഇടതുപക്ഷവും ബിജെപിയും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആരോപിച്ചു. നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ഷീജാ അനിലാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ലൈഫ് പദ്ധതിയില്‍ ഒരു വീട് പോലും വെച്ചു നല്‍കാത്ത നഗരസഭയാണ് കോട്ടയം നഗരസഭ എന്ന് അവര്‍ ആരോപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നഗരസഭാ പൂര്‍ണ പരാജയമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒമ്പത് മാസമായി പൂര്‍ണ്ണമായും സ്തംഭിച്ചു എന്നും ഷീജാ അനില്‍ ആരോപിച്ചു.

രണ്ടായിരത്തോളം ആളുകള്‍ ഭൂരഹിതരായ ഉള്ള നഗരസഭയാണ് കോട്ടയം. എന്നിട്ടും അതിനുവേണ്ടി നഗരസഭ ഒന്നും ചെയ്തില്ല. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഉത്തരവുകള്‍ നടപ്പാക്കാന്‍ പോലും നഗരസഭാ തയ്യാറായിട്ടില്ല എന്നും അവര്‍ ആരോപിച്ചു. 27 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടത്. കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അം?ഗങ്ങള്‍ വീതമുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്. വേട്ടെടുപ്പില്‍ നിന്ന് യുഡിഎഫ് അം?ഗങ്ങള്‍ വിട്ട് നിന്നു.

എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു അറിയിച്ചിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും നോബിള്‍ മാത്യു അറിയിച്ചു. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും എന്നാല്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.