തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു

തൃശൂരില്‍ കോവിഡ് ബാധിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു. കാഞ്ഞാണി ശ്രീശങ്കര ഷെഡിന് കിഴക്ക് താമസിക്കുന്ന വരടിയം സ്വദേശി മാടച്ചിപാറ ഷാജിയുടെയും കവിതയുടെയും മകന്‍ സായ്‌റാം (5 ) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യു കെ ജി വിദ്യാര്‍ഥിയായ സായ് റാം മരിച്ചത്. കാരമുക്ക് എസ്. എന്‍. ജി. എസ് ഹൈസ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ യു. കെ. ജി വിദ്യാര്‍ഥിയായിരുന്നു സായ് റാം.

കോവിഡ് ബാധിച്ച കുട്ടിയെ ആദ്യം കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷാജിയുടെ ഭാര്യ കവിതയും രണ്ട് മക്കളും കാഞ്ഞാണിയിലെ വാല പറമ്ബില്‍ കവിതയുടെ വീട്ടിലായിരുന്നു താമസം. വീട്ടിലെ മറ്റെല്ലാവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ സായ് റാമിന്റെ ആരോഗ്യനില വഷളാകുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് ഇന്ന് കുട്ടി മരിക്കുകയായിരുന്നു.