ലോക് ഡൗണില്‍ ഇളവ് ; ഹോട്ടല്‍ ബാര്‍ എന്നിവിടങ്ങളില്‍ ഇരുന്നു കഴിക്കാം

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്‌ഡൌണ്‍ ഇളവുകള്‍. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ബാറുകളും ഹോട്ടലുകളും പ്രവര്‍ത്തിക്കേണ്ടത്. പകുതി ഇരുപ്പിടങ്ങളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ഇതുവരെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ മുഴുവന്‍ സീറ്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയില്ല. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം.

എന്നാല്‍, സിനിമാ തിയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ല എന്നാണ് അവലോകന യോഗത്തിന്റെ തീരുമാനം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആറ് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. സംസ്ഥാനം നടത്തിയ സിറോ പ്രിവിലേജ് സര്‍വ്വേയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്താനുള്ള സാധ്യതയുണ്ട്. തീയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വിവിധ സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിയറ്ററുകള്‍ ഇപ്പോള്‍ തുറ്കകേണ്ടതില്ലെന്നാണ് വിദഗ്ദ്ധര്‍ സര്‍ക്കാരിന് നല്‍കിയ ഉപദേശം.