കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് ; പാര്‍ട്ടിയുടെ ഭാഗമാകുന്നത് ഭഗത് സിംഗ് ദിനത്തില്‍
രാജ്യം എക്കാലവും ഓര്‍ത്തു വെക്കുന്ന ഭഗത് സിംഗ് ദിനത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുവാന്‍ ദേശിയ രാഷ്ട്രീയത്തിലെ യുവ രക്തങ്ങളായ കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും. ഇരുവര്‍ക്കുമൊപ്പം അടുത്ത അനുയായികളും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ കഴിഞ്ഞ ചര്‍ച്ച നടത്തിയിരുന്നു. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കനയ്യകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തന്നെ രംഗത്തെത്തിയിരുന്നു. ബിഹാര്‍ ഘടകവുമായി യോജിച്ച് പോകാനാവില്ലെന്ന കനയ്യയുടെ നിലപാട് പരിശോധിക്കാമെന്നല്ലാതെ പരിഹാര നിര്‍ദ്ദേശങ്ങളൊന്നും രാജ മുന്‍പോട്ട് വച്ചിട്ടില്ലെന്നാണ് സൂചന. മാത്രമല്ല പാര്‍ട്ടിയില്‍ കനയ്യയെ പിടിച്ചുനിര്‍ത്തണമെന്ന ആവശ്യം ബിഹാര്‍ ഘടകം ആവശ്യപ്പെട്ടിട്ടുമില്ല. അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലില്‍ കേരള ഘടകം മാത്രമാണ് കനയ്യയ്ക്ക് വേണ്ടി വാദിച്ചത്. ജിഗ്‌നേഷ് മേവാനിയെ ഗുജറാത്തിന്റെ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയേക്കും എന്നാണ് സൂചന. അതേസമയം കനയ്യ കുമാറിനെ ബീഹാറിന്റെ വര്‍ക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്.