ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി
ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി. മധ്യപ്രദേശ്-ഗുജറാത്ത് അതിര്‍ത്തിയിലെ ബറോഡയോട് അതിര്‍ത്തി പങ്കിടുന്ന ജാബുവയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പൊളിക്കുമെന്നാണ് സംഘടന ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ബിഷപ്പ് പോള്‍ മുനിയയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം ജില്ലാ കളക്ടറെ സമീപിച്ചു. കൂടാതെ ക്രൈസ്തവര്‍ക്കെതിരേ നിരന്തരമായി നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സംഘം നിവേദനമയച്ചു.
നേരത്തെയും മധ്യപ്രദേശില്‍ നിരവധി തവണ ക്രൈസ്തവര്‍ക്കു നേരെ ഹിന്ദുത്വ സംഘടനകള്‍ ആക്രമണം നടത്തിയിട്ടുണ്ട്. മേഖലയിലെ എല്ലാ ചര്‍ച്ചുകളും അടച്ചുപൂട്ടണമെന്ന് ആസാദ് പ്രേംസിങ് എന്ന വി.എച്ച്.പി നേതാവ് ഈ വര്‍ഷമാദ്യം ആവശ്യമുയര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസിലും റവന്യൂ വകുപ്പിലും പരാതി നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. പകരം റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ക്രൈസ്തവ പുരോഹിതന്‍മാരോട് തന്റെ മുന്നില്‍ ഹാജരായി തങ്ങളുടെ പ്രവര്‍ത്തന രീതി വിശദീകരിക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് ആരോപണം. എങ്ങനെയാണ് പുരോഹിത നിയമനമെന്ന് വ്യക്തമാക്കണമെന്നും പ്രലോഭനത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ അല്ല ക്രൈസ്തവരായതെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്.നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.