ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് അവസാനമിട്ടു ഇന്ത്യന്‍ വനിതകള്‍

വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് അവസാനമിട്ടു ഇന്ത്യന്‍ വനിതകള്‍. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിത ടീമിന് തകര്‍പ്പന്‍ ജയം. 2 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ഏകദിന ക്രിക്കറ്റില്‍ ആസ്?ട്രേലിയന്‍ വനിതകളുടെ 26 മത്സരങ്ങള്‍ പിന്നിട്ട അപരാജിത കുതിപ്പിനാണ് ഇതോടെ അന്ത്യമായത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് ലക്ഷ്യം 50-ാം ഓവറിലാണ് ഇന്ത്യ മറികടന്നത്.

ബെത്ത് മൂണി (52), ആഷ്ലി ഗാര്‍ഡ്നര്‍ (67) എന്നിവര്‍ ഓസ്ട്രേലിയക്കായി അര്‍ധശതകം നേടി. അലിസ ഹീലി (35), എല്ലിസ് പെറി (26), താഹില മഗ്രാത്ത് (47) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കുവേണ്ടി ജുലന്‍ ഗോസ്വാമിയും പൂജ വസ്ത്രാകറും 3 വിക്കറ്റുമായി ഉജ്വല പ്രകടനം പുറത്തെടുത്തു. സ്നേഹ റാണയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. ശ്രദ്ധയോടെ ഷഫാലി വര്‍മ (56) മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. സ്മൃതി മന്ദാന (22), യാസ്തിക ഭാട്ടിയ (64), മിതാലി രാജ് (16), ദീപ്തി ശര്‍മ (31), സ്നേഹ റാണ (30) എന്നിവരും തിളങ്ങി. ഓസ്ട്രേലിയയ്ക്കുവേണ്ടി അനബെല്‍ സതര്‍ലാന്‍ഡ് 3 വിക്കറ്റ് സ്വന്തമാക്കി.മൂന്നു മത്സര ഏകദിന പരമ്പര ഓസ്ട്രേലിയ 2-1 എന്ന നിലയില്‍ സ്വന്തമാക്കി.