ഗുലാബ് ചുഴലിക്കാറ്റ് ; കേരളത്തില്‍ മഴ തുടരും
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തു കനത്ത മഴ തുടരുന്നു. വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് തിങ്കളാഴ്ച വൈകിട്ട് പുറത്തു വിട്ട കാലാവസ്ഥാ ബുള്ളറ്റിനില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മുഴുവന്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം മഴയ്‌ക്കൊപ്പം 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷ, ആന്ധ്ര തീരങ്ങളിലെത്തിയ ഗുലാബ് ചുഴലിക്കാറ്റില്‍ മൂന്ന് മരണങ്ങളാണ് ആ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബോട്ട് തകര്‍ന്ന് രണ്ട് മത്സ്യത്തൊഴിലാളികളും വീട് തകര്‍ന്ന് വീണ് ഗൃഹനാഥനുമാണ് മരിച്ചത്. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആന്ധ്രയിലും കൊങ്കണ്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്.
95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്റെ തീവ്രത കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് കാര്യമായ നാശനഷ്ടം. ആന്ധ്രയിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ രണ്ട് പേര് ബോട്ടുതകര്‍ന്ന് മരിച്ചു. മൂന്ന് പേരെ കോസ്റ്റുഗാര്‍ഡ് രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ വീട് തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടാവിശഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷിച്ചെങ്കിലും ഗൃഹനാഥന്‍ മരിച്ചു.മരങ്ങള്‍ വീണും മണ്ണിടിഞ്ഞു വിശാഖപട്ടണത്ത് അടക്കം ഗതാഗത തടസ്സമുണ്ടായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. മുംബൈയിലും പൂനെയിലും കൊങ്കന്‍ മേഖലയിലും മഴ തുടരുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 34 ട്രെയിനുകള്‍ റദ്ദാക്കി. 17 എണ്ണം വഴിതിരിച്ചുവിട്ടു.