ഇരട്ടകുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി

കോഴിക്കോട് : നാദാപുരത്ത് മൂന്നുവയസ്സുളള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്‌ക്കെതിരെ കൊലക്കുറ്റം പോലീസ് ചുമത്തി. ചോദ്യം ചെയ്യലിന് ശേഷം അമ്മ സുബിനയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിന ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മുഹമ്മദ് റസ് വിന്‍, ഫാത്തിമ റഫ് വ എന്നിവരാണ് മരിച്ചത്. മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമാണ് സുബിന കിണറ്റില്‍ ചാടിയത്.

പതിനൊന്ന് മണിയോടെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തുമ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഒമ്പതരയോടെ തന്നെ കുട്ടികളെ കിണറ്റില്‍ എറിഞ്ഞിരിക്കാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ സുബിനയെ രക്ഷപ്പെടുത്തി നാദാപുരം താലൂക്ക് ആശുപത്രിലെത്തിച്ചു. തുടര്‍ന്നാണ് നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുബിന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.