മോന്‍സന്‍ തട്ടിപ്പുകാരനെന്ന് 2020 ല്‍ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി 

പുരാവസ്തു ശേഖര തട്ടിപ്പില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കല്‍ പിടിയിലായപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന മറ്റു വിവരങ്ങളും. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും  സർക്കാർ വകുപ്പുകളുമായും  മോന്‍സന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇയാള്‍ക്കെതിരെ 2020 ല്‍ തന്നെ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്‍സനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ എന്‍ഫോഴ്‌സെമെന്റ് അന്വേഷണം ഡിജിപി (DGP) ശുപാര്‍ശ ചെയ്തിരുന്നു.

മോന്‍സനെ കുറിച്ചന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്റലിജന്‍സ് വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാല്‍ രഹസ്വാന്വേഷണ റിപ്പോര്‍ട്ട് പൊലീസിന്റെ പക്കലുണ്ടായിരുന്നപ്പോഴും മോന്‍സ് ഇതറിയാതെ തന്റെ തട്ടിപ്പുകള്‍ തുടര്‍ന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാക്കുന്നത്. മോണ്‍സണിന്റെ സാമ്പത്തിക ഇടപാടുകളില്‍ അടക്കം ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ, ഉദ്യോഗതലങ്ങളിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സിനിമാമേഖലയില്‍ ഉള്ളവരുമായി അടുപ്പമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പുരാവസ്തു വില്‍പനാ ലൈസന്‍സ് ഉണ്ടായിരുന്നോവെന്ന സംശയവും റിപ്പോര്‍ട്ട് ഉയര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിശദമായ അന്വേഷണം വേണമെന്ന് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഇഡിയോട് ശുപാര്‍ശ ചെയ്തിരുന്നു.

സിനിമ രംഗത്ത് ഉള്ള ഒരുപാട് പേര്‍ക്കു മോണ്‍സണുമായി ബന്ധമുണ്ട്. ചേര്‍ത്തല സി.ഐ ഇടപെട്ടതിന്റെ രേഖകള്‍ ഉണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് തട്ടിപ്പില്‍ പങ്കുണ്ടോ ഇല്ലയോ എന്നത് അന്വേഷണ സംഘം കണ്ടെത്തട്ടേയെന്നും അവര്‍ പറഞ്ഞു. ഉന്നതര്‍ ഇടപെട്ട രേഖകളടക്കമുള്ള തെളിവുകള്‍ നാളെ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദ്, എം.ടി. ഷമീര്‍, യാക്കൂബ് എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ മൂന്നിന് പരാതി കൊടുത്തിട്ടുണ്ടെന്നും കൂടുതല്‍ ആളുകള്‍ പരാതിയുമായി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

മോനസണ് ഉന്നതയുടെ സഹായം ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരില്‍ ഒരാളായ എം.ടി ഷെമീര്‍ രംഗത്തെത്തിയിരുന്നു. മോന്‍സണെതിരായ കേസ് അട്ടിമറിച്ചത് ഐ.ജി ലക്ഷ്മണ്‍ ഗുഗുലോത്താണെന്നായിരുന്നു ഷെമീര്‍ പറഞ്ഞത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടുവെന്നും ചേര്‍ത്തല, എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അറുപത് ലക്ഷം രൂപയാണ് ഷെമീറില്‍ നിന്ന് മോന്‍സണ്‍ തട്ടിച്ചത്.

ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്‍സണ്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. മോന്‍സണെതിരെ തെളിവുകള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തലയിലെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.