പാലിയേക്കരയില്‍ പകല്‍ കൊള്ള ; നിര്‍മ്മാണ ചെലവിനേക്കാള്‍ അധികം ടോള്‍ പിരിച്ചു ; നോട്ടിസയച്ച് ഹൈക്കോടതി

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇപ്പോള്‍ നടക്കുന്നത് അനധികൃത പിരിവ് എന്ന് ഹര്‍ജി. ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാല് എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ദേശീയപാതാ അതോറിറ്റിക്കും ടോള്‍ പിരിവ് നടത്തുന്ന കമ്പനിക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ മണ്ണുത്തി വരെയുള്ള ഭാഗത്തെ റോഡ് നിര്‍മ്മാണത്തിന് ചെലവായതിലും 80 കോടി രൂപയിലേറെ തുക ഇതിനോടകം നിര്‍മ്മാണ കമ്പനി ടോള്‍ പിരിച്ചെന്ന് കാണിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കോണ്‍ഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടിജെ സനീഷ് കുമാറും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടോള്‍ പിരിക്കുന്നതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിവരാവകാശ രേഖയില്‍ പറയുന്നു. വരവുചെലവു കണക്കുകളുടെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടെ ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ 2020 വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

64.94 കിലോമീറ്റര്‍ ദൂരമുള്ള ദേശീയപാതയുടെ നിര്‍മാണത്തിന് 721.17 കോടി രൂപ മാത്രമാണ് ചെലവിട്ടത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത്. പിന്നീട് 2020 ജൂണ്‍ മാസം വരെ നിര്‍മ്മാണ ചെലവിനെ അപേക്ഷിച്ച് 80 കോടി രൂപ അധികം പിരിച്ചെടുത്തുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. കരാര്‍ പ്രകാരം, നിര്‍മാണ ചെലവ് ലഭിച്ചാല്‍ ആ ഭാഗത്തെ ടോള്‍ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അടുത്ത കാലത്തു ടോള്‍ തുക വീണ്ടും കൂട്ടുകയാണ് കമ്പനി ചെയ്തത്.