അസഭ്യ ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്നു പഠനം

‘പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവു പൊള്ളുന്നു’ എന്ന കവി കെ.ജി. ശങ്കരപ്പിള്ളയുടെ വാക്കുകള്‍ യാഥാര്‍ഥ്യമാണ് എന്ന് തെളിയിക്കുന്ന പഠന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ന്യൂജഴ്സിയിലെ ഒരു സര്‍വകലാശാല നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. അമേരിക്കയിലെ ന്യൂജേഴ്സിയിലെ കീന്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് അസഭ്യ ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്നും സന്തോഷത്തൊടയും ആരോഗ്യത്തോടെയും ജീവിക്കാന്‍ സാധിക്കുമെന്നും കണ്ടെത്തിയിരിക്കുന്നത്. തെറി പറയുന്നത് കാരണമായി ഒരു പരിധി വരെ തങ്ങളുടെ നിരാശ കുറയുമെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. തെറി പറയുന്നത് ആരോഗ്യത്തിന് (പറയുന്നയാളുടെ) നല്ലതാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കീന്‍ യൂണിവേഴ്സിറ്റി തങ്ങളുടെ ക്യാന്പസിനകത്തെ വിദ്യാര്‍ത്ഥികളെ തന്നെയാണ് പഠനത്തിന് വിധേയരാക്കിയത്. പരീക്ഷണത്തിന്റെ ഭാഗമായി ഗവേഷകര്‍ വിദ്യാര്‍ത്ഥികളുടെ കൈകള്‍ തണുത്ത വെള്ളത്തില്‍ മുക്കിവെച്ചു. തുടര്‍ന്നുള്ള പരീക്ഷണത്തില്‍ തെറി പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കൈകള്‍ ദീര്‍ഘ നേരെ വെള്ളത്തില്‍ മുക്കിവെക്കാന്‍ സാധിക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെറി അവരുടെ നിരാശ കുറച്ചുവെന്നും തലച്ചോര്‍ ആരോഗ്യത്തോടെ അവശേഷിച്ചുവെന്നും ഗവേഷകര്‍ വിലയിരുത്തി. ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങള്‍ കുറയുന്നതിനനുസരിച്ച് ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നു. കൂടാതെ, ജീവത്തില്‍ കുറച്ചുമാത്രം തെറി പറയുന്നവര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ പെട്ടെന്ന് പരാജയം ഏറ്റുവാങ്ങുന്നുവെന്നും ഗവേഷകര്‍ പറയുന്നു. അവര്‍ കൂടുതല്‍ സമ്മര്‍ദ്ദം അഭിമുഖീകരിക്കുകയും അത് അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

അസഭ്യം പറയാന്‍ ഇഷ്ടപ്പെടുന്ന നിരവധി ആളുകള്‍ ഈ ഭൂലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്നതാണ് വസ്തുത. എന്നാല്‍ സമൂഹത്തില്‍ നല്ല പിള്ള ചമയാന്‍ എല്ലാവരും മാന്യതയുടെ ഒരു മുഖം മൂടി അണിഞ്ഞാണ് പുറത്തു ഇറങ്ങുന്നത്. തീര്‍ച്ചയായായും നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഉള്ള പലരെയും ഓര്‍മ വരുന്നുണ്ടാവും എന്നുറപ്പ്. സത്യത്തില്‍ കൂടുതല്‍ തെറി പറയുന്നവരെ ആര്‍ക്കും ഇഷ്ടമാവില്ലെങ്കിലും അത്തരം ആളുകള്‍ക്ക് കൂടുതല്‍ സന്തോഷം ലഭിക്കുമെന്നും ജീവിതത്തില്‍ സമ്മര്‍ദ്ദം കുറയാന്‍ ഇത് കാരണമാക്കുമെന്നും പഠനം പറയുന്നു. അവസാനമായി ഇനി ഈ ലേഖനം വായിച്ചിട്ട് ആരെയെങ്കിലും രണ്ടെണ്ണം പറയണം എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ അത് ആയിക്കോളൂ പക്ഷെ തിരിച്ചു അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതിന് നമ്മള്‍ ഗ്യാരണ്ടി അല്ല.