വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമം ; കോണ്‍സ്റ്റബിളിനെതിരെ കേസ്

വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കേസ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ഡ്രൈവറായി ജോലി ചെയ്യുന്ന കോണ്‍സ്റ്റബളിനെതിരെയാണ് കേസെടുത്തത്. ഈ മാസം 22 നു രാവിലെ ജോലിക്ക് പോകാനായി കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വാതിലിന് അടിവശത്ത് ഒരു മൊബൈല്‍ ക്യാമറ ഉള്ളതായി പൊലീസ് ഉദ്യോഗസ്ഥയുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥ ബഹളമുണ്ടാക്കിയപ്പോഴേക്കും, മൊബൈല്‍ ഫോണ്‍ കാണാതായി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഓഫീസിലേക്ക് കൂട്ടാന്‍ വന്ന പൊലീസ് ഡ്രൈവറായ കോണ്‍സ്റ്റബിള്‍ സ്ഥലത്തുനിന്ന് അപ്രത്യക്ഷമായതായി വ്യക്തമായത്.

സെപ്തംബര്‍ 26ന് ഡ്രൈവര്‍ പൊലീസ് ഉദ്യോഗസ്ഥയെ കാണാന്‍ വരികയും കൈവശം നഗ്‌നദൃശ്യങ്ങളുണ്ടെന്നും പറഞ്ഞു. അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്ങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ കണ്ട് ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. ഇതോടെ ഭീഷണിപ്പെടുത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ ഒളിവില്‍ പോകുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. കോണ്‍സ്റ്റബിളിനെതിരെ ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.