പശുക്കള്‍ പറമ്പില്‍ കയറി ; അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളെ അയല്‍വാസി വെടിവെച്ചു

പശുക്കള്‍ പറമ്പില്‍ കയറുന്നു എന്ന പരാതിയില്‍ അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഈശ്വര സ്വാമി കൗണ്ടര്‍ എന്നയാളാണ് അറസ്റ്റിലായത്. മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെയാണ് ഈശ്വര സ്വാമി വെടിയുതിര്‍ത്തത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈശ്വരന്റെ പറമ്പിലേക്ക് അയല്‍വാസിയായ ചെല്ലിയുടെ കന്നുകാലികള്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇന്നലെയും ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇതിനിടെയായിരുന്നു ഈശ്വര സ്വാമി കൗണ്ടര്‍ വീടിനുള്ളിലേക്ക് പോയി വലിയ എയര്‍ഗണ്ണെടുത്ത് തിരിച്ചെത്തി വെടിയുതിര്‍ത്തത്. തോക്കുമായെത്തുന്നത് കണ്ട് അടുത്തുള്ള മരക്കൂട്ടത്തിലേക്ക് ഓടിമാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടെന്ന് ദമ്പതികള്‍ പറഞ്ഞു. ചെല്ലിയുടെ പരാതിയില്‍ സ്ഥലത്തെത്തിയ അഗളി പോലീസ് ഈശ്വര സ്വാമി കൗണ്ടറെ അറസ്റ്റ് ചെയ്തു. തോക്കും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ആയുധം കൈവശം വെച്ചതിനും കേസ് എടുത്തതായി അഗളി സിഐ അറിയിച്ചു.