സ്വവര്‍ഗരതിക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടല്‍ , മലപ്പുറത്ത് തട്ടിപ്പ് സംഘം അറസ്റ്റില്‍

സ്വവര്‍ഗരതി ഡേറ്റിങ് ആപ്പുവഴി യുവാക്കളെയും മറ്റും വിളിച്ചുവരുത്തി ഭീഷണിപെടുത്തി പണം തട്ടിയെടുത്ത കേസില്‍ തിരൂരില്‍ സംഘം അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത നാലു പേരെടക്കം ഏഴുപേരാണ് അറസ്റ്റിലായത്. തിരൂര്‍ സ്വദേശികളായ കളത്തില്‍പറമ്പില്‍ ഹുസൈന്‍, പുതിയത്ത് മുഹമ്മദ് സാദിഖ്, കോഴിപറമ്പില്‍ മുഹമ്മദ് റിഷാല്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റ് നാലുപേരുമാണ് പൊലീസ് പിടിയിലായത്. പൂക്കയില്‍, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.പൂക്കയില്‍ സ്വദേശിയില്‍ നിന്ന് 85000 രൂപയും പൊന്നാനി സ്വദേശിയില്‍ നിന്ന് 15000 രൂപയും മൊബൈല്‍ ഫോണുമാണ് സംഘം തട്ടിയെടുത്തത്.

പ്രതികളില്‍ ഒരാള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും തുടര്‍ന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ചെയ്ത ശേഷം സ്വവര്‍ഗരതിക്ക് പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് ആളുകളെ വിളിച്ചുവരുത്തും. പിന്നീട് പ്രതികളെല്ലാവരും കൂടിച്ചേര്‍ന്ന് ഫോണിലും മറ്റും വീഡിയോ എടുത്ത് പൊലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്തിരുന്നത്. അറസ്റ്റിലായി പ്രതികളെ മൊബൈല്‍ ഫോണ്‍ വിറ്റ തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഇവര്‍ ഇത്തരത്തില്‍ കൂടുതല്‍ പേരില്‍ നിന്നും കാശ് തട്ടിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. നാണക്കേട് ഭയന്നാണ് ആരും പുറത്തു പറയാത്തത് എന്നും പോലീസ് വ്യക്തമാക്കുന്നു.