രാഹുലിന്റെ കൈ പിടിച്ചു കനയ്യയും ജിഗ്‌നേഷും ; പോരാട്ടം ഇനി കോണ്‍ഗ്രസിനൊപ്പം
ദേശിയ രാഷ്ട്രീയത്തിലെ യുവരക്തങ്ങളില്‍ രണ്ടു പേര്‍ കൂടെ ചേര്‍ന്ന ഉന്മേഷത്തിലാണ് കോണ്‍ഗ്രസ്. തലമുതിര്‍ന്ന പല നേതാക്കന്മാരും കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേക്കേറുന്ന ഈ കാലത്തു തന്നെ യുവ നേതാക്കളില്‍ ശ്രദ്ധേയരായ രണ്ടുപേരെ കൂടെ കൂട്ടാന്‍ കഴിഞ്ഞതിന്റെ സന്തോഷം അണികള്‍ക്കും ഉണ്ട്. ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയുമാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. ഏറെനാളത്തെ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചാണ് സിപിഐ മുന്‍നേതാവ് കൂടിയായ കനയ്യയും ഗുജറാത്തില്‍നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ ജിഗ്‌നേഷും കോണ്‍ഗ്രസിനൊപ്പം ചേരുന്നത്. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തെത്തിയാണ് കനയ്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എന്നാല്‍, ജിഗ്‌നേഷ് മേവാനി അംഗത്വം സ്വീകരിച്ചിട്ടില്ല. നിലവില്‍ സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരാന്‍ സാങ്കേതിക പ്രശ്‌നമുള്ളതിനാലാണ് അംഗത്വമെടുക്കാത്തതെന്നാണ് ജിഗ്‌നേഷ് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു കനയ്യയും ജിഗ്‌നേഷും പാര്‍ട്ടിയില്‍ ചേര്‍ന്നത്. വൈകീട്ട് അഞ്ചു മണിയോടെയാണ് ഇരുവരും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്. ഇതിനുമുന്‍പ് രാഹുല്‍ ഗാന്ധിക്കൊപ്പം ഡല്‍ഹിയിലെ ശഹീദ് ഭഗത് സിങ് പാര്‍ക്കിലെത്തി സ്മാരകസ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദിവസങ്ങള്‍ക്കുമുന്‍പാണ് കനയ്യയും ജിഗ്‌നേഷും കോണ്‍ഗ്രസില്‍ ചേരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിറകെയായിരുന്നു ഇത്. എന്നാല്‍, കനയ്യയെ അനുനയിപ്പിക്കാന്‍ സിപിഐയുടെ ദേശീയ നേതൃത്വം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ജെഎന്‍യുവില്‍ വിദ്യാര്‍ഥി നേതാവായിരിക്കെ ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധനേടിയ കനയ്യയ്ക്ക് ബിഹാറിലെ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ചുമതലയായിരിക്കും കോണ്‍ഗ്രസ് നല്‍കുക. കനയ്യയ്ക്കു പിറകെ കൂടുതല്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലെത്തുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കു പുറമെ പ്രിയങ്ക ഗാന്ധിയുമായും കഴിഞ്ഞ ദിവസങ്ങളില്‍ കനയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസെരായ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കനയ്യ പരാജയപ്പെട്ടു. ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് നാലു ലക്ഷത്തിലേറെ വോട്ടിനാണ് പരാജയപ്പെട്ടത്. ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ജിഗ്‌നേഷ് മേവാനി. രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച്(ആര്‍ഡിഎഎം) നേതാവുമാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന ഘടകം വര്‍ക്കിങ് പ്രസിഡന്റ് പദവി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.