പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു
പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നവ്‌ജോത് സിംഗ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബില്‍ രണ്ടുമന്ത്രിമാര്‍ രാജിവെച്ചു. റസിയ സുല്‍ത്താനയും പര്‍ഗത് സിംഗുമാണ് രാജിവെച്ചത്. പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവെച്ചു. നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അടിയന്തര മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ്. പഞ്ചാബില്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ ഉള്‍പ്പടെ കടുത്ത അതൃപ്തി അറിയിച്ചാണ് പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്‌ജോത് സിംഗ് സിദ്ദു രാജിവച്ചത്. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നത് പഞ്ചാബിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമെന്ന് സിദ്ദു രാജിക്കത്തില്‍ പറയുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചപ്പോള്‍ തനിക്ക് അധികാരം നല്‍കുമെന്ന് സിദ്ദു കരുതി. അതുണ്ടാകാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോഴത്തെ രാജിയിലേക്ക് നയിച്ചത്.
മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചപ്പോള്‍ സുഖ്ജീന്ദര്‍ സിംഗ് റന്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനെ സിദ്ദു എതിര്‍ത്തു. റാണ സുര്‍ജിത്ത്, ഭരത് ഭൂഷണ്‍ അസു എന്നിവരെ മന്ത്രിമാരാക്കിയത് അഴിമതി ചൂണ്ടിക്കാട്ടി തടയാന്‍ സിദ്ദു ശ്രമിച്ചു. സംസ്ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറല്‍ എന്നിവരുടെ നിയമനവും സിദ്ദുവിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായിരുന്നു. സിദ്ദുവിന്റെ രാജിക്കത്ത് എഐസിസി ആസ്ഥാനത്ത് വലിയ അമ്പരപ്പിനിടയാക്കി. രാജിക്കത്ത് നല്‍കിയ ശേഷം നേതാക്കളുമായി ചര്‍ച്ചയ്ക്കും സിദ്ദു തയ്യാറായില്ല. നാളെ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ എത്തുന്നുണ്ട്. സിദ്ദു ആംആദ്മി പാര്‍ട്ടിലേക്ക് പോകുമോ എന്ന അഭ്യൂഹം ശക്തമാണ്. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും എന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വ്യക്തമാക്കി.
അതേസമയം സിദ്ദു അസ്ഥിരതയുണ്ടാക്കും എന്ന് നേരത്തെ പറഞ്ഞതാണെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രതികരിച്ചു. ദില്ലിയിലെത്തിയ അമരീന്ദര്‍ ബിജെപി നേതാക്കളെ കാണും എന്ന റിപ്പോര്‍ട്ടുകളുണ്ട്. കര്‍ഷകസമരം തീര്‍ക്കാന്‍ അമിത് ഷായും ജെപി നഢ്ഢയും അമരീന്ദര്‍ സിംഗിന്റെ സഹായം തേടി എന്നാണ് സൂചന. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഓഫീസ്. പുറത്തുവരുന്ന വാര്‍ത്തകള്‍ അഭ്യൂഹമാണെന്നും സുഹൃത്തുക്കളെ കാണാനാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നും ഓഫീസ് വ്യക്തമാക്കി. ഇന്ന് വൈകിട്ടാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നത്. അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായും അമരീന്ദര്‍ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. വ്യക്തിഗത സന്ദര്‍ശനമാണ് ക്യാപ്റ്റന്റേതെന്ന് അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ വിശദീകരിച്ചു. ‘അമരീന്ദറിന്റെ ഡല്‍ഹി യാത്ര കൂടുതല്‍ വായിക്കപ്പെട്ടു. അദ്ദേഹത്തിന്റേത് വ്യക്തിഗത സന്ദര്‍ശനമാണ്. അടുത്ത സുഹൃത്തുക്കളെ അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്’ – രവീണ്‍ വ്യക്തമാക്കി.