മോന്‍സണ്‍ തട്ടിപ്പുകള്‍ക്ക് തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തു എന്ന് കെ സുധാകരന്‍

മോന്‍സണ്‍ പെരുങ്കള്ളനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോണ്‍സണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സക്കായി 5 ദിവസമാണ് പോയത്. 10 ദിവസം പോയിട്ടില്ല. പക്ഷേ അസുഖം ഭേദമായില്ല. വ്യാജചികിത്സക്കെതിരെ നിയമ നടപടിയെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. താന്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാന്‍ മോന്‍സണ്‍ ശ്രമിച്ചിട്ടുണ്ടാകാം. ഒരു തവണ പോലും പരാതിക്കാര്‍ തന്നെ വന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ താങ്ങുന്നവര്‍ പോലും മോണ്‍സനെ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ മോന്‍സണെ സംരക്ഷിക്കുകയാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ സിപിഎം വീണ്ടും ശ്രമങ്ങള്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ സിപിഎം ഭയക്കുന്നു. പിണറായിക്കെതിരെയുള്ള ഫൈറ്റ് അവസാനിപ്പിച്ചതായിരുന്നു. വീണ്ടും തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. എന്തുകൊണ്ട് മോന്‍സണുമായി ഉദ്യോഗസ്ഥന്‍മാരുടെ ബന്ധം അന്വേഷിക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്ന ഫ്രോഡാണ് മോണ്‍സണ്‍. തനിക്കെതിരെ തെളിവൊന്നും കിട്ടില്ല. ബെന്നി ബഹ്നാന് മറുപടി നല്‍കുന്നില്ല. തനിക്കൊരു പാര്‍ട്ടി ചട്ടക്കൂട് ഉണ്ട്. ആ ചട്ടക്കൂട് ബെന്നി ബഹ്നാനും ബാധകമാണെന്നും കെ സുധാകരന്‍ പറഞ്ഞു.