വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്
ആലപ്പുഴ : വ്യാജ അഭിഭാഷകയായ സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്. വ്യാജ അഭിഭാഷകയായി പ്രവര്‍ത്തിച്ച രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് നോട്ടിസ്.ആലപ്പുഴ നോര്‍ത്ത് പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്. വിവരം ലഭിക്കുന്നവര്‍ പോലിസിനെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും സെസി ഒളിവില്‍ തുടരുകയാണ്.
കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസി സേവ്യര്‍. നിയമ ബിരുദമില്ലാതെ പ്രാക്ടീസ് ചെയ്തത് വ്യക്തമായതോടെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ബാര്‍ അസോസിയേഷന്‍, തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതി സംസ്ഥാനം വിട്ടെന്ന പ്രചരണത്തിനിടെ പൊലീസിനെ വെട്ടിച്ച് യുവതി കോടതിയിലെത്തി മടങ്ങുകയും ചെയ്തു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതി വീണ്ടും മുങ്ങിയത്.