തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവതിയെ തീകൊളുത്തിക്കൊല്ലാന്‍ ശ്രമം
തിരുവനന്തപുരം പോത്തന്‍കോട് കാവുവിളയിലാണ് സംഭവം. സംഭവത്തില്‍ പ്രതി സിബിന്‍ ലാല്‍ പിടിയിലായി. സിബിന്‍ ലാലിനെ പിടികൂടുമ്പോള്‍ ഇയാള്‍ വിഷം കഴിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ച പ്രതിയും ചികിത്സയിലാണ്. യുവതിയുടെ ഭര്‍ത്യ സഹോദരനാണ് യുവതിയെ കൊലപ്പടുത്താന്‍ ശ്രമിച്ചത്. യുവതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ പ്രതി ഡീസല്‍ ഒഴിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നില്‍ വെച്ചായിരുന്നു കൊലപാതക ശ്രമം. ഈ വീട്ടുകാരാണ് വെള്ളമൊഴിച്ചും നനഞ്ഞ വസ്ത്രം കൊണ്ടും വൃന്ദയുടെ ദേഹത്തേക്ക് പടര്‍ന്ന തീ കെടുത്തിയത്.
ആക്രമണത്തില്‍ അരയ്ക്ക് താഴേക്ക് യുവതിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പിടികൂടുന്നതിനിടെ വിഷം കഴിച്ച പ്രതിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാറ്റി. ഇറങ്ങാന്‍ കൂട്ടാക്കാതെ ആംബുലന്‍സില്‍ ഇരുന്ന ഇയാളെ ബലമായാണ് ഇറക്കിയത്. വിഷം കഴിച്ചില്ല എന്നാണ് ഇയാള്‍ ആവര്‍ത്തിക്കുന്നത്. നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്ന് യുവതിയുടെ അമ്മ പോലീസിനോട് പറഞ്ഞു. കുത്തി കൊല്ലും കത്തിക്കും എന്നൊക്കെയായിരുന്നു ഭീഷണി. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എട്ട് മാസമായി മോള്‍ തന്റെ വീട്ടില്‍ ആയിരുന്നുവെന്നും അമ്മ പറഞ്ഞു.