സ്ത്രീകളെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ധര്‍മപുരി-തിരുപ്പത്തൂര്‍ ഹൈവേയിലൂടെ ചരക്ക് വാഹനത്തില്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളെ ഏഴ് പേരടങ്ങുന്ന സംഘം കാറില്‍ പിന്തുടര്‍ന്ന് കമന്റടിക്കുകയായിരുന്നു. കാര്‍ പിന്തുടരുന്നത് കണ്ട് ചരക്ക് വാഹനത്തിന്റെ ഡ്രൈവറായ മണികണ്ഠന്‍ വണ്ടി തിരിക്കാന്‍ നോക്കി. എന്നാല്‍ സംഘം വണ്ടി തടയാന്‍ ശ്രമിച്ചു. ഇതോടെ ഡ്രൈവറുമായി വാക്കേറ്റമായി. തുടര്‍ന്ന് സംഘം ഇവരെ ആക്രമിച്ചു.
ബഹളം കേട്ട് പ്രദേശവാസികള്‍ എത്തിയതോടെ യുവാക്കള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഏഴ് പേരില്‍ മൂന്ന് പേരെ പിടികൂടി. ബാക്കി നാലു പേര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് മൂവരെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഡ്രൈവറെയും സ്ത്രീകളെയും സംഘം ആക്രമിച്ചതായി സ്ത്രീകള്‍ പൊലീസിന് പരാതി നല്‍കി. പ്രതികള്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തിരുപ്പത്തൂര്‍ സ്വദേശികളായ ഗൗതം, കാര്‍ത്തിക്, വള്ളരസു എന്നിവരാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ് എന്ന് പോലീസ് പറയുന്നു.