കോഴിക്കോട് വീട്ടിലെ അജ്ഞാത ശബ്ദം ; വിദഗ്ധ സംഘം പരിശോധന തുടരുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് കോഴിക്കോട് ഒരു വീട്ടില്‍ നിന്നും കേള്‍ക്കുന്ന അജ്ഞാത ശബ്ദം. പോലൂര്‍ തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് കഴിഞ്ഞ കുറച്ചു നാളുകളായി അജ്ഞാത ശബ്ദം ഉണ്ടാകുന്നത്. പല ഊഹാപോഹങ്ങളും ഇതിന്റെ പേരില്‍ പ്രചരിക്കുന്നുണ്ട് എങ്കിലും ഭൂമിക്കടിയിലെ മര്‍ദ വ്യതിയാനമാകാം ഇതിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. ശബ്ദം ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്താനായി വിദഗ്ധ സംഘം വീട്ടിലും പരിസരത്തും പരിശോധന നടത്തി. താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ മുകളിലെ നിലയില്‍ നിന്നും മുകളിലെ നിലയിലെത്തുമ്പോള്‍ താഴെ നിലയില്‍ നിന്നുമാണ് അജ്ഞാത ശബ്ദം കേള്‍ക്കുന്നത്. ഹാളില്‍ പാത്രത്തിനുള്ളില്‍ വെള്ളം നിറച്ചുവച്ചപ്പോള്‍ പുറത്തേക്ക് ഒഴുകുന്ന അവസ്ഥ കൂടിയായതോടെ ഭീതി പ്രദേശത്തെങ്ങും പരന്നു. അഞ്ച് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീടിന് ആറുമാസം മുന്‍പാണ് മേല്‍നില പണിതത്. ജിയോളജി വിഭാഗം ഉദ്യോഗസ്ഥരും മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനാംഗങ്ങളും പരിശോധിച്ചെങ്കിലും ശബ്ദം കേട്ടതല്ലാതെ പ്രശ്‌നം എന്താണെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല.

കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജി ശങ്കറിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 9.30 മുതല്‍ പരിശോധന തുടങ്ങിയത്. സമീപത്തെ വീട്ടിലെ കിണറുകള്‍, ചുമരിലെ വിള്ളലുകള്‍ തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചു. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി എസ് പ്രദീപ്, ജിയോളജിസ്റ്റ് എസ് ആര്‍ അജിന്‍ എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍. റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി റവന്യൂ മന്ത്രി കെ രാജന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശോധന ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകും. മൂന്നാഴ്ച മുന്‍പാണ് വീട്ടില്‍നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പകല്‍ സമയത്തും ശബ്ദം കേള്‍ക്കുന്നുണ്ട്. ഇന്നു രാവിലെയും മൂന്നു തവണ ശബ്ദമുണ്ടായി. രണ്ടാം നില നിര്‍മ്മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി.

ഒരു വീട്ടില്‍ മാത്രമായി അനുഭവപ്പെടുന്നതിനാല്‍ ഭൂകമ്പ സാധ്യതകള്‍ വിദഗ്ധര്‍ തള്ളിക്കളയുകയാണ്. മണ്ണോ പാറയോ നീക്കം ചെയ്ത ശേഷം പിന്നീട് മണ്ണ് നിറച്ച പ്രദേശത്താണെങ്കില്‍ ചെളിയില്‍ നിന്ന് വായുവിനെ പുറം തള്ളുമ്പോള്‍ ഇത്തരം ശബ്ദം കേള്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജിയോളജി വിഭാഗം വിദഗ്ധര്‍ വിലയിരുത്തുന്നത്. ലാറ്ററേറ്റ് മണ്ണ് ഉള്ള പ്രദേശത്ത് മണ്ണ് നീക്കിയ ശേഷം വീണ്ടും മണ്ണ് നിറച്ച് കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഭാരം ഭൂമിയിലേക്ക് വരുന്നു. ഈ ഭാരത്തെ ക്രമീകരിക്കാനായി ചെളി ചില സ്വയം ക്രമീകരണങ്ങള്‍ നടത്താറുണ്ട്. നിലവില്‍ അജ്ഞാത ശബ്ദം കേട്ട വീടിന് സമീപത്ത് നിന്ന് അടുത്തിടെ മണ്ണ് നീക്കം ചെയ്ത സാഹചര്യവുമുണ്ട്. അതിനാല്‍ പോലൂരിലും സംഭവിക്കുന്നത് സമാനമായ എന്തെങ്കിലും പ്രതിഭാസമാകാനാണ് സാധ്യതയെന്നാണ് ജിയോളജി വിദഗ്ധര്‍ പറയുന്നത്.