കര്‍ഷകസമരത്തെ തുടര്‍ന്നുള്ള റോഡ് ഉപരോധം അനന്തമായി തുടരാനാവില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി അതിര്‍ത്തികളിലെ റോഡ് ഉപരോധം അനിശ്ചിതക്കാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിഷയത്തില്‍ നിയമപരമായ ഇടപെടല്‍ വഴിയോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു. അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷകരുടെ റോഡ് ഉപരോധത്തിനെതിരെ നോയിഡ സ്വദേശി സമര്‍പ്പിച്ച് ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം. ദേശീയ പാതകള്‍ ഇങ്ങനെ അനിശ്ചിതക്കാലം ഉപരോധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതുമൂലം ദിവസേനയുള്ള യാത്രക്കാര്‍ മുതല്‍ ദീര്‍ഘദൂര യാത്രക്കാര്‍ വരെ പ്രതിസന്ധിയിലാകുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിഷയത്തില്‍ പരിഹാരം കാണമെന്ന് കേന്ദ്രസര്‍ക്കാരിനോടും, യുപി, ഹരിയാന സര്‍ക്കാരുകളോടും ബെഞ്ച് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചെങ്കിലും പ്രതിഷേധിക്കുന്ന സംഘടനകള്‍ സമിതിയുമായി സഹകരിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കേസില്‍ പ്രതിഷേധിക്കുന്ന സംഘടനകളെ കക്ഷികളാക്കാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് ബെഞ്ച് നിര്‍ദ്ദേശിച്ചു. കേസില്‍ തിങ്കളാഴ്ച്ച വീണ്ടും വാദം കേള്‍ക്കും.

നേരത്തെ ഷെഹീന്‍ ബാഗ് സമരത്തില്‍ റോഡ് പൂര്‍ണ്ണമായി ഉപരോധിച്ച് സമരം അനുവദിക്കാനാകില്ലെന്നും മൂന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രം സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനിടെ കര്‍ണാലിലെ ജൂന്‍ഡലാ ഗ്രാമത്തില്‍ നടന്ന ബിജെപി പരിപാടിക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധമായി എത്തിയത് സംഘര്‍ഷത്തിനിടയാക്കി.ഹരിയാന മുഖ്യമന്ത്രി കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു. ബാരിക്കേഡ് മറികടന്ന് പരപാടി സ്ഥലത്തേക്ക് പോകാനുള്ള കര്‍ഷകരുടെ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.