വാഹനാപകടത്തില്‍പെട്ട അപസ്മാര രോഗിയെ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു ; നാട്ടുകാരും തിരിഞ്ഞു നോക്കിയില്ല ; റോഡരികില്‍ എട്ട് മണിക്കൂര്‍ കിടന്ന യുവാവ് മരിച്ചു
കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. അതിരമ്പുഴ സ്വദേശി ബിനുവാണു വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്. യുവാവിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ അടക്കമുള്ളവര്‍ വഴിയില്‍ ഇയാളെ ഉപേക്ഷിച്ച് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായി. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം നടന്നത്. മദ്യപസംഘം സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെടുകയും യുവാവ് തെറിച്ചു വീഴുകയായിരുന്നു. അമിതമായി മദ്യപിച്ച് അപസ്മാരമുണ്ടായ യുവാവിനെ വഴിയിലുപേക്ഷിച്ച് സുഹൃത്തെന്ന് കരുതുന്ന ഓട്ടോ ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. മദ്യപിച്ച് ബോധം കെട്ട് കിടക്കുകയാണെന്ന് കരുതി പരിസരവാസികളും തിരിഞ്ഞു നോക്കിയില്ല. രാത്രി മുതല്‍ എട്ട് മണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് രാവിലെയോടെയാണ് മരിച്ചത്.
നീണ്ടൂര്‍ റോഡില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ജംഗ്ഷനില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന ബിനു തെറിച്ചു വീണു. ബിനുവിന്റെ ദേഹത്തേക്കാണ് ഓട്ടോ മറിഞ്ഞത്. സമീപത്തുണ്ടായിരുന്ന ആളുകളാണ് ബിനുവിനെ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍നിന്ന് പുറത്തെടുത്തത്. ബിനുവും ഓട്ടോ ഡ്രൈവറും നന്നായി മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ബിനുവിനെ റോഡില്‍ ഉപേക്ഷിച്ച് സുഹൃത്തെന്ന് കരുതുന്ന ഓട്ടോ ഡ്രൈവര്‍ കടന്നുകളഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ അടക്കമുള്ളര്‍ ബിനുവിനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല.
അവശനിലയിലായ ബിനു രാവിലെയോടെ റോഡില്‍ കിടന്ന് മരിച്ചു. ബിനു അപസ്മാരത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സമീപ പ്രദേശത്തെ കടയുടമ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. കുറച്ചുനേരം മുമ്പ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നാണ് പ്രദേശത്തെ കച്ചവടക്കാര്‍ പറയുന്നത്. ഓട്ടോ ഡ്രൈവറായ സുഹൃത്തിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.