മോന്‍സണ്‍ ചമച്ചത് 2,62,000 കോടി രൂപയുടെ വ്യാജരേഖ
മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മോന്‍സണ്‍ പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചു. വ്യാജരേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോന്‍സണ്‍ സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മോന്‍സണ്‍ മാവുങ്കലിനെതിരെ എഫ്ഐആറില്‍ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇടപാടുകാരെ വഞ്ചിക്കാന്‍ വ്യാജരേഖ ചമച്ചെന്നും വ്യാജരേഖ ചമയ്ക്കുന്നതിനായി സാങ്കേതിക സൗകര്യം ഉപയോഗിച്ചെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ രണ്ട് വരെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. അതിനിടെ ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോന്‍സണിന്റെ പക്കലുണ്ടെന്ന വിവരവും പുറത്തുവന്നു. കാര്‍ ഒരു വര്‍ഷത്തിലധികമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടിലാണ്. പോര്‍ഷെ ബോക്സ്റ്റര്‍ കാറാണ് മോന്‍സണ്‍ിന്റെ കൈവശമുണ്ടായിരുന്നത്.
ശ്രീവത്സം ഗ്രൂപ്പിന്റെ യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന കാര്‍ ഒരു കേസിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 2007 മോഡല്‍ കാറാണ് മോന്‍സണ്‍ കൈവശം വച്ചിരുന്നത്. ചേര്‍ത്തല സ്റ്റേഷനില്‍ ഉള്ള 20 ആഢംബരക്കാറുകള്‍ക്കൊപ്പമാണ് കരീനയുടെ പേരിലുള്ള കാറുമുള്ളത്. പ്രളയത്തില്‍ നശിച്ച ആഢംബര കാറുകള്‍ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധം ആരംഭിച്ചതിന് ശേഷം മോന്‍സണ്‍ അവരുടെ യാര്‍ഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് ലീസ് തുക തട്ടിയെന്ന് പറഞ്ഞ് ശ്രീവത്സം ഗ്രൂപ്പിനെതിരെ മോന്‍സണ്‍ പരാതി നല്‍കിയിരുന്നു. ആറര കോടി രൂപ കൈപ്പറ്റുകയും, ബാക്കി തുക തന്നില്ലെന്നുമായിരുന്നു മോന്‍സണിന്റെ പരാതി. ഇത് വ്യാജ പരാതിയാണെന്ന നിഗമനത്തിലാണ് പൊലീസ്.