വീട്ടുകാരറിയാതെ രാത്രി ബൈക്കുമായി കറങ്ങുവാന്‍ പോയ 16 കാരന്‍ കാറിടിച്ചു മരിച്ചു

മുപ്പത്തടം പയ്യപ്പള്ളി സുരേഷ് ലിജി ദമ്പതികളുടെ മകന്‍ പി എസ് മൃദുല്‍ ആണ് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്ക്, കളമശേരി ടിവിഎസ് കവലയില്‍വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.

അതേസമയം, മൃദുലിന്റെ ദുരന്തവാര്‍ത്ത അറിയിക്കാന്‍ വീട്ടിലേയ്ക്ക് വിളിക്കുമ്പോള്‍ മകന്‍ മുകളിലെ മുറിയില്‍ ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. മരണവിവരം ആശുപത്രി അധികൃതര്‍ ഒരു ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ബന്ധു ഇതു പറയാന്‍ മാതാപിതാക്കളെ വിളിച്ചപ്പോഴാണ് മകന്‍ വീട്ടില്‍ ഇല്ലെന്ന വിവരം അവരും അറിയുന്നത്. രാത്രിയില്‍ എപ്പോഴാണ് മൃദുല്‍ പുറത്തുപോയതെന്ന് സംബന്ധിച്ച് വീട്ടുകാര്‍ക്ക് അറിവില്ല. ഹൃദിന്‍ ആണ് സഹോദരന്‍.