മംഗളുരു ക്രഷര്‍ തട്ടിപ്പ് ; പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

മംഗളുരു ക്രഷര്‍ തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ അന്‍വര്‍ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രഷറില്‍ പങ്കാളിത്തവും ലാഭ വിഹിതവും നല്‍കാം എന്ന് പറഞ്ഞ് പി വി അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പ്രവാസിയായ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമിന്റെ പരാതി. മഞ്ചേരി സി ജെ എം കോടതിയില്‍ ആണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2011 ഡിസംബറില്‍ ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം പി വി അന്‍വര്‍ വാങ്ങി വഞ്ചിച്ചു എന്ന് ആണ് പരാതി. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ഇടപാട് എന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ആണ് 50 ലക്ഷം രൂപ വാങ്ങിയത് എന്നും പരാതിയില്‍ പറയുന്നു.

കേസില്‍ പി.വി അന്‍വര്‍ എം.എല്‍ എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. പണം വാങ്ങിച്ച സമയത്ത് അന്‍വറിന്റെ പേരില്‍ മംഗലാപുരത്ത് സ്ഥലമോ വസ്തുവകകളോ ഉണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പി വി അന്‍വറുമായി ഇടപാട് നടത്തിയ കാസര്‍ഗോട് സ്വദേശി കെ. ഇബ്രാഹിമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് റിപ്പോര്‍ട്ട്. ക്രഷര്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി. ഇതോടൊപ്പം ക്രഷറിനോട് ചേര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കര്‍ ഭൂമിയും കൊറിഞ്ചയിലെ 1.5 ഏക്കര്‍ഭൂമിയും കൈമാറിയതായും മൊഴി നല്‍കിയിട്ടുള്ളത്. പി.വി അന്‍വര്‍ കരാറില്‍ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിനിടെ അന്‍വറിന്റെ ഉടമസ്ഥതയിലുളള റിസോര്‍ട്ടിനായി നിര്‍മിച്ച തടയണകള്‍ പൊളിക്കാന്‍ നാളെ മുതല്‍ നടപടികള്‍ തുടങ്ങും. നിയമവിരുദ്ധമായി നിര്‍മിച്ച തടയണകള്‍ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടികളിലേക്ക് കടക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ പിവിഅന്‍വറിന്റെ ഉടമസ്ഥതയിലുളള പിവിആര്‍ നാച്വറല്‍ റിസോര്‍ട്ടിനായി നീര്‍ച്ചാലിനു കുറുകെ നിര്‍മിച്ച തടയണയാണ് കൂടരഞ്ഞി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിക്കാനൊരുങ്ങുന്നത്. തടയണ നിര്‍മാണം നിയമം ലംഘിച്ചെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇവ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും ഇത് പൊളിക്കാന്‍ റിസോര്‍ട്ട് അധികൃതര്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് ഇന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചത്. നാളെ മുതല്‍ തടയണ പൊളിക്കാനുളള നടപടി തുടങ്ങും. പൊളിച്ചു നീക്കാനുളള ചെലവ് അന്‍വറില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.