വീണ്ടും പ്രണയ കൊലപാതകം ; കോട്ടയത്തു വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തില്‍ സഹപാഠിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോളേജില്‍ ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ നിതിനമോള്‍ കളപ്പുരയ്ക്കല്‍(22) ആണ് കൊല്ലപ്പെട്ടത്.സഹപാഠിയായ കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു(21)വിനേയാണ് പൊലീസ് കസ്റ്റഡയില്‍ എടുത്തിരിക്കുന്നത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കേയായിരുന്നു ആക്രമണം. വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ കാമ്പസിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുകയും ചെയ്തു. പിന്നാലെ കത്തിയെടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അഭിഷേകിന് പെണ്‍കുട്ടിയേക്കാള്‍ വയസ്സ് കുറവായിരുന്നു. ഈ കാരണത്തിന്റെ പേരില്‍ ഇരുവരുടേയും കല്യാണം നടക്കില്ലെന്ന പേടി അഭിഷേകിനുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും അഭിപ്രായ വ്യതാസത്തിലായിരുന്നു. ഈ പകയാണ് കൊല ചെയ്യാന്‍ അഭിഷേകിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പരീക്ഷ കഴിഞ്ഞ കോളേജ് വളപ്പില്‍ കാത്തുനിന്ന അഭിഷേക് മൂര്‍ച്ചയുള്ള പേനാക്കത്തി ഉപയോഗിച്ച് നിധിനയുടെ കഴുത്തിലെ ഞരമ്പറുത്താണ് കൊലപാതകം നടത്തിയത്. ഇരുവരും ഗ്രൌണ്ടിലൂടെ സംസാരിച്ചുകൊണ്ട് നടക്കുന്നത് കണ്ടവരുണ്ട്. തുടര്‍ന്ന് വാക്കേറ്റം നടന്നതായും ഉടനെ പ്രകോപിതനായി അഭിഷേക് കത്തി ഉപയോഗിച്ച് നിധിനയെ ആക്രമിക്കുകയായിരുന്നു. മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന് പ്രിന്‍സിപ്പല്‍ ജയിംസ് ജോര്‍ജും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതിയായ വിദ്യാര്‍ഥിയെക്കുറിച്ച് മറ്റ് പരാതികള്‍ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അഭിഷേകും നിധിനയും നേരത്തെ പറഞ്ഞുവെച്ചത് പോലെ പരീക്ഷ കഴിഞ്ഞ് ഒരേ സമയത്ത് ഇറങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം. കോളേജിലെ ബി- വോക് ഫുഡ് ടെക്‌നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇരുവരും പരീക്ഷക്കായാണ് കോളേജില്‍ എത്തിയത്. ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെയാണ് കോളജിനെ നടുക്കിയ സംഭവമുണ്ടാകുന്നത്.