വരയ്ക്കാത്ത ചിത്രത്തിന് 62 ലക്ഷം പ്രതിഫലം വാങ്ങി ഒരു ചിത്രകാരന്‍ ; ചിത്രത്തിന് നല്‍കിയ പേര് ‘പണം തട്ടുക, രക്ഷപ്പെടുക’
ഇല്ലാത്ത ചരിത്രവസ്തുക്കള്‍ വ്യാജമായി നിര്‍മ്മിച്ച് നാട്ടാരെ പറ്റിച്ച മൊന്‍സാണ്‌ന്റെ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മലയാള മാധ്യമങ്ങള്‍ എല്ലാം. എന്നാല്‍ പണം വാങ്ങി ഒരു മ്യൂസിയത്തിന് പണി നല്‍കിയിരിക്കുകയാണ് ജെന്‍സ് ഹാനിങ് എന്ന ഡാനിഷ് ചിത്രകാരന്‍. ‘പണം തട്ടുക, രക്ഷപ്പെടുക’ എന്ന പേരിലാണ് പുതിയ കലാപരമായ തട്ടിപ്പ് ഇയാള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡെന്മാര്‍ക്കിലെ പ്രമുഖ കലാമ്യൂസിയമായ കന്‍സ്റ്റണ്‍ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് ആണ് ഈ പുത്തന്‍ തട്ടിപ്പിന്റെ ഇര. 2007ലും 2010ലുമായി ജെന്‍സ് വരച്ച രണ്ട് ചിത്രങ്ങള്‍ പുനരാവിഷ്‌ക്കരിക്കാനായിരുന്നു മ്യൂസിയം ആവശ്യപ്പെട്ടത്. ശരാശരി ഓസ്ട്രിയക്കാരന്റെയും ഡെന്മാര്‍ക്കുകാരന്റെയും വാര്‍ഷികവരുമാനം പ്രമേയമാക്കിയുള്ളതായിരുന്നു ഈ വിഖ്യാത ചിത്രം. മ്യൂസിയത്തിന്റെ ഈ വര്‍ഷത്തെ ആര്‍ട് എക്സിബിഷനുവേണ്ടി ചിത്രം പുനസൃഷ്ടിക്കാന്‍ 84,000 ഡോളര്‍(ഏകദേശം 62 ലക്ഷം രൂപ) മുന്‍കൂറായി നല്‍കുകയും ചെയ്തു.
കരാര്‍ ഏറ്റെടുത്ത ജെന്‍സ് പ്രദര്‍ശനം തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കുമുന്‍പ് തന്നെ പണി പൂര്‍ത്തിയാക്കി ‘ചിത്രം’ പെട്ടിയിലാക്കി മ്യൂസിയത്തിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍, പെട്ടി തുറന്ന അധികൃതര്‍ ശരിക്കും ഞെട്ടി; ശൂന്യമായൊരു വെള്ള ഗ്ലാസായിരുന്നു അത്. ചിത്രത്തിന്റെ പേര് കണ്ടപ്പോഴാണ് അമളി പിണഞ്ഞ കാര്യം അധികൃതര്‍ തിരിച്ചറിയുന്നത്; ‘Take the Money and Run’ (പണം തട്ടുക, രക്ഷപ്പെടുക) എന്നായിരുന്നു പുതിയ ‘ചിത്രത്തി’ന് ജെന്‍സ് ഇട്ട പേര്. അവരുടെ പണം തട്ടിയെടുത്തതായിരുന്നു തന്റെ കലാസൃഷ്ടിയെന്നാണ് ഡാനിഷ് റേഡിയോയോട് ഇയാള്‍ പ്രതികരിച്ചത്. ”അതൊരു മോഷണമല്ല. കരാര്‍ ലംഘനം മാത്രമാണ്. കരാര്‍ലംഘനവും ജോലിയുടെ ഭാഗമാണ്” ജെന്‍സ് വിശദീകരിക്കുന്നു.
വലിയൊരു കലാസൃഷ്ടിക്ക് മ്യൂസിയം വാഗ്ദാനം ചെയ്ത ‘തുച്ഛമായ’ പ്രതിഫലത്തോടുള്ള പ്രതികരണമായാണ് താന്‍ ഇത്തരത്തിലൊരു പുതിയ ആശയം ലഭിച്ചതെന്നും ജെന്‍സ് പറയുന്നു. തന്നെപ്പോലെ തൊഴില്‍ചൂഷണം നേരിടുന്നവര്‍ക്കെല്ലാം ഒരു പ്രചോദനമാണ് ഈ സൃഷ്ടി. സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന തൊഴിലാളികളോടും തനിക്ക് ഇതേ സന്ദേശം തന്നെയാണ് നല്‍കാനുള്ളതെന്നും ജെന്‍സ് പറയുന്നു. എന്നാല്‍, കൃത്യമായ കരാര്‍ലംഘനമാണ് ജെന്‍സ് ഹാനിങ് നടത്തിയിരിക്കുന്നതെന്ന് മ്യൂസിയം ഡയരക്ടര്‍ പ്രതികരിച്ചു. അടുത്ത വര്‍ഷം ജനുവരിയില്‍ എക്സ്ബിഷന്‍ തീരുംമുന്‍പ് പണം തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.