സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത ; ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി
മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയറ്ററുകള്‍ക്ക് ശാപ മോക്ഷം. ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. അമ്പത് ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കാനാണ് അനുമതി നല്‍കിയത്. അതുപോലെ വിവാഹ ചടങ്ങുകളില്‍ അമ്പത് പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കാനും കോവിഡ് അവലോകന സമിതി യോഗത്തില്‍ തീരുമാനമായി. ഘട്ടം ഘട്ടമായി സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവുകള്‍. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ അടുത്ത മാസം ഒന്നുമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹോട്ടലുകളില്‍ അമ്പത് ശതമാനം പേര്‍ക്ക് ഇരുന്ന് കഴിക്കാനും നേരത്തെ അനുമതി നല്‍കിയിരുന്നു. ബാറുകളിലും ഇരുന്ന് മദ്യപിക്കാനും കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ട് ഡോസ് വസ്‌കിനെടുക്കുക, എ.സികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. സംസ്ഥാനത്ത് ഗ്രാമസഭകള്‍ ചേരാനും അവലോകന യോഗത്തില്‍ അനുമതി നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്.