പുരാവസ്തു തട്ടിപ്പ് ; മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍
പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒന്‍പാതാം തീയതി വരെയാണ് മോന്‍സണിനെ റിമാന്‍ഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.ആറു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നു തീര്‍ന്നതോടെ മോന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ തെളിവുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ രണ്ട് തവണ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ശില്‍പിയെ വഞ്ചിച്ച് പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സണിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും.
മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശില്‍പങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ശില്‍പി സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. സുരേഷ് നിര്‍മിച്ച് നല്‍കിയ വിശ്വരൂപം ശില്‍പം ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. മോന്‍സന്‍ നിര്‍മിച്ച വ്യാജ രേഖകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നത്. ഇലക്ട്രോണിക് ഡിവൈസ് അടക്കമുള്ള തെളിവുകള്‍ കണ്ടെത്താന്‍ കൂടുതല്‍ ദിവസം വേണമെന്ന ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടു.
സുരേഷ് നിര്‍മിച്ചു നല്‍കിയത് ഒന്‍പത് ശില്‍പങ്ങളാണ്. പക്ഷേ ഇതില്‍ ഒന്ന് കാണാനില്ല. ബാക്കിയുള്ള എട്ടെണ്ണവും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. 80 ലക്ഷം രൂപ നല്‍കാം എന്നു പറഞ്ഞായിരുന്നു സുരേഷില്‍നിന്ന് മോന്‍സന്‍ സാധനങ്ങള്‍ വാങ്ങിയത്. എന്നാല്‍ നല്‍കിയത് വെറും ഏഴ് ലക്ഷം രൂപ മാത്രമാണെന്ന് ശില്‍പിയായ സുരേഷ് പറയുന്നു. സുരേഷിനെ കബളിപ്പിച്ച കേസില്‍ മോണ്‍സന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരായ ഷമീര്‍, അനൂപ് എന്നിവരില്‍നിന്ന് ക്രൈംബ്രാഞ്ച് വിശദമായ മൊഴി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനോട് മോന്‍സന്‍ സഹകരിക്കുന്നുണ്ട്.