ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം വാഹനം ഇടിച്ചുകയറി ; മൂന്നു മരണം
കര്‍ഷക പ്രതിഷേധത്തിനിടെ യുപിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് കര്‍ഷകര്‍ മരിച്ചു. എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശ് ലഖിംപൂര്‍ഖേരി ജില്ലയിലാണ് സംഭവം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നെന്നാണ് ആരോപണം. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കര്‍ഷര്‍ പ്രദേശത്ത് ഹെലിപാഡില്‍ തടിച്ചുകൂടിയിരുന്നു.
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അജയ് കുമാര്‍ മിശ്രയുടെ മകനും സംഘവും പ്രദേശത്ത് കാത്തുനിന്നതായാണ് വിവരം. എന്നാല്‍ കേശവ്പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ളവര്‍ അവിടെയിറങ്ങാതെ തിരികെ മടങ്ങി. ഇതിനുപിന്നാലെ കര്‍ഷകര്‍ പിരിഞ്ഞുപോകാന്‍ തീരുമാനിച്ചതിനിടയാണ് ആശിഷ് മിശ്രയുടെ സംഘത്തിന്റെ വാഹനം കര്‍ഷകര്‍ക്കുനേരെ പാഞ്ഞുകയറിയത്.
ആശിഷ് മിശ്രയേയും കാറിലുള്ള മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഡോ.ദര്‍ശന്‍ പാല്‍ പ്രതികരിച്ചു. സംഭവത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ കര്‍ഷക നേതാവ് രാകേഷ് ടികായത്ത് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നേതാക്കളുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് ചില കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നുണ്ട്.