കപ്പലില്‍ ലഹരി പാര്‍ട്ടി ; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍

മുംബൈ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തു. 22 മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ആര്യനും മറ്റു പ്രതികള്‍ക്കുമെതിരെ തെളിവുകളുണ്ടെന്ന് നാര്‍ക്കോട്ട്ക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. ഫാഷന്‍ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്റെ നേതൃത്വത്തിലാണ് മുംബൈയിലെ കോര്‍ഡേലിയ എന്ന ആഡംബര കപ്പലില്‍ മൂന്ന് ദിവസത്തെ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷന്‍, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘടകരുടെ ക്ഷണപ്രകാരമാണ് ആര്യന്‍ ഖാന്‍ എത്തിയതെന്നാണ് വിവരം.

കപ്പലില്‍ നിരോധിത ലഹരി മരുന്നുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി ഉദ്യോഗസ്ഥരും യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറുകയായിരുന്നു എന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്. കപ്പല്‍ നടുക്കടലില്‍ എത്തിയതോടെയാണ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. എംഡിഎംഎ, കൊക്കെയിന്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടികൂടിയെന്ന് എന്‍സിബി സംഘം വ്യക്തമാക്കി. ‘രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിന്റെ ഫലമാണിത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ചില ബോളിവുഡ് ബന്ധങ്ങള്‍ വ്യക്തമായി’- എന്‍സിബി മേധാവി എസ് എന്‍ പ്രധാന്‍ എ.എന്‍.ഐയോട് പറഞ്ഞു.നടന്‍ അര്‍ബാസ് സേത്ത് മര്‍ച്ചന്റ്, മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. യാത്രക്കാരുടെ വേഷത്തില്‍ ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റുക ആയിരുന്നു. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.