ബംഗാള്‍ തിരഞ്ഞെടുപ്പ് ; അവസ്ഥ കൂടുതല്‍ മോശമായി സി പി എം

വീണ്ടും വീണ്ടും ശോകമായ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ് ബംഗാളില്‍ സി പി എം. ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ ഇടം വീണ്ടും അടയാളപ്പെടുത്തിയപ്പോള്‍ നിറം മങ്ങിയത് മൂന്നരപ്പതിറ്റാണ്ട് കാലം വെസ്റ്റ് ബംഗാള്‍ ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. 2011 ല്‍ സി.പി.എം സ്ഥാനാര്‍ഥി നാരായണ്‍ പ്രസാദ് ജെയ്ന്‍ 37,892 വോട്ട് നേടിയിരുന്നെങ്കില്‍ 2021ല്‍ വെറും 4201 വോട്ടാണ് വിപ്ലവ പാര്‍ട്ടിയുടെ ശ്രീജിബ് ബിശ്വാസ് നേടിയത്.

അഥവാ 10 വര്‍ഷം കൊണ്ട് പത്തിലൊന്ന് വോട്ടിലൊതുങ്ങി മുന്‍ ഭരണകക്ഷി. മമത ബാനര്‍ജി 84,709 വോട്ട് നേടിയപ്പോള്‍, 25,680 വോട്ടുമായി രണ്ടാം സ്ഥാനത്ത് ബി.ജെ.പിയുടെ പ്രിയങ്ക ട്രിബിവാളാണുള്ളത്. 1450 വോട്ടുവീണ നോട്ടക്ക് തൊട്ടുമുകളിലാണ് സി.പി.എം. 5000 വോട്ടു പോലും നേടിയെടുക്കാന്‍ പാര്‍ട്ടിക്കായില്ല. 2011 ല്‍ തൃണമൂലിന്റെ സുബ്രത ബക്ഷിക്ക് 87,808 വോട്ടാണ് ലഭിച്ചിരുന്നത്. 2011 ല്‍ 5078 വോട്ട് നേടിയ ബി.ജെ.പി ഇക്കുറി 25,680 വോട്ടാണ് നേടിയിരിക്കുന്നത്.