മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച ചിത്രകാരന്‍ വാഹനാപകടത്തില്‍ മരിച്ചു

മുഹമ്മദന് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ്(75)വാഹനാപകടത്തില്‍ മരിച്ചു. തെക്കന്‍ സ്വീഡനിലെ മാര്‍ക്കറിഡ് എന്ന നഗരത്തിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ലാര്‍സ് സഞ്ചരിച്ച പൊലീസ് വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.2007 ലാണ് വില്‍ക്‌സിന്റെ വിവാദ കാര്‍ട്ടൂണ്‍ പുറത്തു വന്നത്. നായയുടെ ശരീരത്തില്‍ പ്രവാചകന്റെ തല ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍.

ഇതിനു പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനവും ഭീഷണികളും വില്‍ക്‌സിന് നേരെ ഉയര്‍ന്നു. ഡാനിഷ് പത്രത്തില്‍ പ്രവാചകന്റെ വിവാദ കാര്‍ട്ടൂണ്‍ പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോഴായിരുന്നു വില്‍ക്‌സിന്റെ കാര്‍ട്ടൂണ്‍. അതേസമയം, അപകടത്തിന്റെ വിശദാംശങ്ങള്‍ സ്വീഡിഷ് പൊലീസ് പുറത്തുവിട്ടിട്ടില്ല. എങ്ങനെയാണ് അപകടമുണ്ടായതെന്നും വ്യക്തമല്ല. എന്നാല്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.

2015 ല്‍ വില്‍ക്‌സിന് നേരെ വധശ്രമമുണ്ടായിരുന്നു. കോപ്പന്‍ഹേഗനില്‍ നടന്ന അഭിപ്രായ സ്വാതതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു സംവിധായകന്‍ കൊല്ലപ്പെട്ടിരുന്നു. തന്നെയാണ് അക്രമികള്‍ ലക്ഷ്യം വെച്ചതെന്നായിരുന്നു അന്ന് വില്‍ക്‌സ് പ്രതികരിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിന് ശേഷം വധഭീഷണി നേരിട്ടിരുന്ന വില്‍ക്‌സ് പൊലീസ് സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. വില്‍ക്‌സിനെ വധിക്കുന്നവര്‍ക്ക് അല്‍ ഖ്വയ്ദ ഒരു ലക്ഷം ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് വില്‍ക്‌സിന് പൊലീസ് സംരക്ഷം ഒരുക്കിയത്.