സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി ; ഒരു ബെഞ്ചില്‍ ഒരു കുട്ടി
സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളു. എല്‍പി തലത്തില്‍ ഒരു ക്ലാസില്‍ പത്തു കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം മുതല്‍ ക്ലാസില്‍ 20 കുട്ടികള്‍ ആകാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഉച്ചവരെയായിരിക്കും ക്ലാസുകള്‍ നടക്കുക. ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണം വിതരണം ഉണ്ടാവില്ല. ക്ലാസുകള്‍ തമ്മിലുള്ള ഇടവേളകള്‍ വ്യത്യസ്ത സമയത്തായിരിക്കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യവകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് എണ്ണത്തില്‍ കര്‍ശന നിയന്ത്രണം. സ്‌കൂളുകളില്‍ ഹെല്‍ത്ത് മോണിറ്ററിങ് കമ്മിറ്റികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
അതുപോലെ മുഴുവന്‍ അധ്യാപകരുടെയും അനധ്യാപകരുടെയും വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ബയോ ബബിള്‍ ആശയത്തെ അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങളാകും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തുക. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികളെ ഉള്‍കൊള്ളിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ് സജീവ പരിഗണനയിലുള്ളത്.എന്നാല്‍ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം ഉണ്ടാകും. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം 50 ശതമാനത്തിനു താഴെ ആക്കുന്നതും പരിഗണനയിലുണ്ട്.
പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇടയില്‍ സമ്പര്‍ക്ക സാധ്യത കൂടുതലായതിനാല്‍ ഇവിടങ്ങളിലും ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ ആകുമോ എന്നും പരിശോധിക്കും. ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ആണ് വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന മറ്റൊരു വെല്ലുവിളി.അതിനാല്‍ സ്‌കൂളുകളിലെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ക്ക് ഉടന്‍ അന്തിമ രൂപം നല്‍കും.