കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അറിയിച്ചതാണ് ഇക്കാര്യം. യു കെ സര്‍ക്കാരിന്റെ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങള്‍ കാരണമാണ് ഇന്ത്യന്‍ ടീം പിന്മാറിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ ആണ് മത്സരം നടക്കുക. അതേസമയം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് 2024-ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

ഇന്ത്യയുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യു കെ അംഗീകാരം നല്‍കാത്തത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വറന്റീന്‍ പാലിക്കണമെന്ന് യു കെ അറിയിച്ചത്.ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിനും (ജൂലൈ 28-ഓഗസ്റ്റ് 8) ഹാംഗ്ഷോ ഏഷ്യന്‍ ഗെയിംസ് (സെപ്റ്റംബര്‍ 10-25) നും ഇടയില്‍ 32 ദിവസത്തെ ഇടവേള മാത്രമേ ലഭിക്കുള്ളൂവെന്ന് ഹോക്കി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കൊറോണ വൈറസ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായ യുകെയിലേക്ക് കളിക്കാരെ അയയ്ക്കാന്‍ കഴിയില്ലെന്നും ഹോക്കി ഇന്ത്യ കൂട്ടിച്ചേര്‍ത്തു.അടുത്ത മാസം ഭുവനേശ്വറില്‍ നടക്കുന്ന ഹോക്കി പുരുഷ ജൂനിയര്‍ ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഹോക്കി ഇന്ത്യയുടെ നീക്കം. ഈ വര്‍ഷം ആദ്യം ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയിരുന്നു. ഹോക്കി ടീം തിങ്കളാഴ്ച ബെംഗളൂരു സായിയില്‍ പരിശീലനം പുനരാരംഭിച്ചു.