വിയന്നയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്

വിയന്ന: യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന അതിപ്രശസ്തമായ മേരി സ്‌ക്ലൊഡോസ്‌കാ ക്യൂറി ആക്ഷന്‍സ് ഗവേഷണ ഫെലോഷിപ്പിന് വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജു അര്‍ഹനായി. കളമശ്ശേരി കുസാറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു.

യൂറോപ്പിലെ ഏറ്റവും ഉന്നതമായ സര്‍ഗാത്മക ഗവേഷണ സഹായ പദ്ധതിയുടെ ഭാഗമായി അക്കാഡമിക നേട്ടം കൈവരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍/ കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുളള ഗവേഷണ പഠന സഹായ പദ്ധതിയാണ് ഇത്. ഇറാസ്മുസ് പ്രോഗ്രാമിലൂടെ ഇറ്റലിയിലെ ലാ- അക്വില – ഓസ്ട്രിയയിലെ വിയന്ന ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയിലൂടെയാണ് ജോബിന്‍ രാജു ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

ഓസ്ട്രിയന്‍ കമ്പനിയായ ഡി.സി.എസ് കമ്പ്യൂട്ടിങ് ആണ് ജോബിനെ ഫെലോഷിപ്പിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗിലെ സിമുലേഷന്‍ രീതികളെക്കുറിച്ചും ബന്ധപ്പെട്ട സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതുമായിട്ടുള്ളതാണ് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗവേഷണം. കോട്ടയം വയലാ നരിമറ്റം വീട്ടില്‍ രാജുവിന്റേയും ജാന്‍സിയുടെയും മകനായ ജോബിന്‍ ഗവേഷണജോലിയുടെ ഭാഗമായി ഇപ്പോള്‍ ജര്‍മനിയിലാണ്.