ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റയും പണിമുടക്കി ; നിശ്ചലമായി സോഷ്യല്‍ മീഡിയ
ഇന്നലെ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ചെറിയ പുകില്‍ അല്ല ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നത്. ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റയും പണിമുടക്കിയപ്പോള്‍ നിശ്ചലമായത് സോഷ്യല്‍ മീഡിയ തന്നെയാണ്. ഫേസ്ബുക്കില്‍ കണ്ടുകൊണ്ടിരുന്ന വീഡിയോ പെട്ടന്ന് കാണാതായി, വാട്സാപ്പില്‍ സുഹൃത്തിനയച്ച മെസേജ് പോകുന്നില്ല, ഇന്‍സ്റ്റാഗ്രാം ലോഡാകുന്നുമില്ല. കുറച്ചു നേരത്തെ അങ്കലാപ്പിന് ശേഷമാണ് ലോകത്തെ ഏറ്റഴും പ്രധാനപ്പെട്ട ആപ്ലിക്കേളനുകളുടെ സേവനം നിലച്ചുവെന്ന് മനസ്സിലാവുന്നത്. പലരും ഫോണിന്റെയും നെറ്റ് വര്‍ക്കിന്റെയും കുഴപ്പമാകും എന്ന് കരുതി പല തവണ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയും സിം ഊരി മാറ്റി ഇട്ടു നോക്കുകയും ഒക്കെ ചെയ്തിരുന്നു. അപ്പോഴും എന്തിനാണ് യഥാര്‍ത്ഥ പ്രശ്‌നം എന്ന് മിക്കവര്‍ക്കും മനസിലായില്ല എന്നതാണ് സത്യം.
വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് നിശ്ചമായതോടെ ഇന്റര്‍നെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. ഏകദേശം ആറ് മണിക്കൂറിന് ശേഷമാണ് അടിച്ചു പോയ ഫേസ്ബുക്കും വാട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമും തിരിച്ചെത്തിയത്. ‘ഇപ്പം ശരിയാക്കിത്തരാം’ എന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഫേസ്ബുക്ക് കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസ്സം നേരിടാന്‍ കാരണമായതെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ തടസ്സത്തിന്റെ യഥാര്‍ത്ഥ കാരണം ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. അതിനിടെ ഫേസ്ബുക്കിന് അഞ്ചുശതമാനം ഓഹരി ഇടിവ് നേരിട്ടു. തടസം നേരിട്ടതിന് പിന്നാലെയായിരുന്നു ഓഹരിയില്‍ 5.5 ശതമാനം ഇടിവ് വന്നത്. ഈ വര്‍ഷം ആദ്യമായാണ് ഫേസ്ബുക്ക് ഓഹരി ഇടിവ് നേരിടുന്നത്.