മോന്‍സന്റെ വീട്ടില്‍ പോയവര്‍ നിയമലംഘനം കണ്ടില്ലേയെന്നു ഹൈക്കോടതി

കേരളാ പൊലീസ് എന്ത് അടിസ്ഥാനത്തിലാണ് മോന്‍സന് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി. മോന്‍സനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസുകാര്‍ ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടും. വീട്ടില്‍ ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്ന് ചോദിച്ച കോടതി എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കേസില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം കാര്യക്ഷമമാകുമോയെന്നും കോടതി ചോദിച്ചു. പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

അതേസമയം, ബീനാച്ചി എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ മോന്‍സന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടന്‍ വിധി പറയും. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മറ്റുള്ളവരുടെ അക്കൗണ്ട് വഴിയാണ് മോന്‍സന്‍ ഇടപാടുകള്‍ നടത്തിയത്. പണം വന്നതും പോയതുമായ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. മോന്‍സനെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ മോന്‍സണിന്റെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വ്യാജമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട്. ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വ്യാജ നമ്പറുകളാണ് കാറുകളില്‍ ഉപയോഗിച്ചിരുന്നത്. വീട്ടുമുറ്റത്തെ എട്ട് വാഹനങ്ങളില്‍ അഞ്ചും കണ്ടം ചെയ്തതാണ്. ഈ വാഹനങ്ങളുടെ വിവരങ്ങള്‍ തേടി നാലു സംസ്ഥാനങ്ങള്‍ക്ക് നോട്ടിസ് നല്‍കും. നമ്പറുകള്‍ വ്യാജമെന്ന് തെളിഞ്ഞാല്‍ മോന്‍സനെതിരെ കേസെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം.