പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രമായി ഒരു ഐസ്‌ക്രീം ; എന്താണ് സ്പെഷ്യല്‍ എന്ന് അറിയണോ
പ്രശസ്ത ഐസ്‌ക്രീം ബ്രാന്‍ഡായ ഹേഗന്‍-ഡാസ് മുതിര്‍ന്നവര്‍ക്ക് മാത്രം കഴിക്കാന്‍ കഴിയുന്ന ഐസ് ക്രീം ഫ്‌ലേവര്‍ അവതരിപ്പിച്ചിരിക്കയാണ്. ഈ രുചി പ്രത്യേകിച്ചും മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. കുഞ്ഞുങ്ങള്‍ക്കാണ് ഐസ് ക്രീം എന്നാല്‍ ജീവന്‍. എന്നാല്‍ കുട്ടികള്‍ക്കു ഒരിക്കലും നല്‍കരുത് എന്ന പേരിലാണ് ഈ ഐസ് ക്രീം വിപണിയില്‍ എത്തിയിരിക്കുന്നത്. രണ്ട് പുതിയ വ്യത്യസ്ത രുചികളാണ് വിപണിയില്‍ അവതരിപ്പിച്ചത്. രണ്ടും സാധാരണ ഐസ്‌ക്രീമുകളില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണ്. ഈ രണ്ട് രുചിയിലും കമ്പനി മദ്യം ഉപയോഗിച്ചിട്ടുണ്ട്. റം കാരമല്‍, ഐറിഷ് വിസ്‌കിയും ചോക്ലേറ്റ് വാഫിളും ചേര്‍ന്ന മറ്റൊരു ഫ്‌ലേവര്‍ എന്നിങ്ങനെ രണ്ട് രുചി കൂട്ടുകളാണ് അവതരിപ്പിക്കുന്നത്.
ഡെയ്ലി മെയിലിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനി അവരുടെ കോക്ടെയ്ല്‍ ശേഖരത്തില്‍ നിന്ന് മുതിര്‍ന്നവര്‍ക്കായി മാത്രമാണ് ഈ ഫ്‌ലേവറുകള്‍ അവതരിപ്പിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള ഈ രുചികള്‍ ലണ്ടന്‍ കോക്ക്ടെയില്‍ വാരത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് പദ്ധതി. ഈ ഐസ് ക്രീമുകള്‍ കഴിച്ച ശേഷം ആളുകള്‍ക്ക് മദ്യത്തിന്റെ ചെറിയ ലഹരി അനുഭവപ്പെടുമെങ്കിലും കാര്യങ്ങള്‍ അത്ര വഷളാകില്ലെന്നാണ് വിവരം. റം, വിസ്‌കി ഫ്‌ലേവര്‍ ഐസ് ക്രീമുകളില്‍ ഓരോ പാത്രത്തിലും 0.5 ശതമാനത്തില്‍ താഴെ മാത്രം മദ്യമാണ് ഉപയോഗിക്കുന്നത്. ഒരു ബോക്‌സിന് 500 രൂപയോളമാകാം വില. രണ്ട് രുചികളും വ്യത്യസ്ത അളവുകളില്‍ ലഭ്യമാണ്.