കൊച്ചിയില്‍ മതില്‍ ഇടിഞ്ഞു വീണു അന്യസംസ്ഥാന തൊഴിലാളി മരിച്ചു
ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. രണ്ട് പേര്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ഇതിലൊരാളെ അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കാല് കുടുങ്ങിയ ആളേയും കോണ്‍ക്രീറ്റ് പൊളിച്ച് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇതിനിടയിലാണ് മൂന്നാമതൊരാള്‍ കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. ഇയാളേയും അഗ്‌നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ പിന്നെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഓട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഓട വെട്ടുന്നതിനിടെ സമീപത്തുണ്ടായിരുന്ന മതില്‍ ഇവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. കാലപ്പഴക്കം കാരണം മതില്‍ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട മൂന്ന് പേരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ധനപാലന്‍ എന്ന തൊഴിലാളിയാണ് മരിച്ചത്. ശിവാജി, ബംഗാരു സ്വാമി നായിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും ആന്ധ്ര ചിറ്റൂര്‍ സ്വദേശികളാണ്.