ആര്യന്‍ഖാനെ ആസൂത്രണം ചെയ്തു കുടുക്കിയതോ ; പിന്നില്‍ മനീഷ് ഭാനുശാലി എന്ന ബി ജെ പി നേതാവ്

സംഭവം നടന്നു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റിലായ ലഹരിക്കേസ് ബിജെപിയുടെ തിരക്കഥയാണ് എന്ന് ആരോപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് അടക്കമുള്ളവര്‍ ഈ സംശയം ഉന്നയിച്ചു കഴിഞ്ഞു. അതുപോലെ കേസില്‍ ബി ജെ പി സൈബര്‍ ടീം കാണിക്കുന്ന അമിതമായ താല്പര്യവും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഇതിലും വലിയ മയക്കുമരുന്ന് വേട്ട രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറിയപ്പോള്‍ ഉറക്കത്തില്‍ ആയിരുന്ന ബിജെ പി സൈബര്‍ ടീം വ്യക്തമായ രാഷ്ട്രീയ ഉപദേശത്തിലാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് എന്ന് വ്യക്തം. അതുപോലെ സംഘപരിവാര്‍ ചായ്വ് ഉള്ള മാധ്യമങ്ങളും വിഷയം ആഘോഷിക്കുകയാണ്. ദിവസേന വ്യാജമായ വാര്‍ത്തകള്‍ പുറത്തിറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍.

ആഡംബരക്കപ്പലില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ രഹസ്യറെയ്ഡില്‍ എങ്ങനെയാണ് ഒരു ബിജെപി നേതാവ് പങ്കെടുത്തത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പാര്‍ട്ടി പ്രാദേശിക നേതാവായ മനീഷ് ഭാനുശാലിയാണ് റെയ്ഡില്‍ എന്‍സിബി സംഘത്തോട് ഒപ്പമുണ്ടായിരുന്നത്. ആരാണീ മനീഷ് ഭാനുശാലി? ബിജെപിയുടെ പ്രാദേശിക ഘടകം വൈസ് പ്രസിഡണ്ടാണ് ഭാനുശാലിയെന്ന് മുംബൈ ആസ്ഥാനമായ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സുധീര്‍ സൂര്യവംശി പറയുന്നു. ഭാനുശാലിക്കൊപ്പം സ്വകാര്യ ഡിറ്റക്ടീവായ എസ്‌കെ ഗോസാവി എന്നയാളും സംഭവത്തില്‍ ഉള്‍പ്പെട്ടതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആര്യന്‍ഖാനെയും അര്‍ബാസ് മര്‍ച്ചന്റിനെയും എന്‍സിബി ഓഫീസില്‍ ഹാജരാക്കുമ്പോള്‍ ഇരുവരുടെയും സാന്നിധ്യമുണ്ടായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ഗോസാവിയും ആര്യന്‍ ഖാനും ഉള്ള സെല്‍ഫിയും പുറത്തു വന്നിട്ടുണ്ട്.

എന്നാല്‍ കേസിലെ ഇന്‍ഫോര്‍മര്‍ (വിവരം നല്‍കുന്നയാള്‍) മാത്രമാണ് താനെന്നും ബിജെപിയുടെ ഒരു ഭാരവാഹിത്വവും വഹിക്കുന്നില്ലെന്നും ഭാനുശാലി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന മനീഷിന്റെ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലില്‍ എന്‍.സി.ബി നടത്തിയ റെയ്ഡിനിടെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പരിശോധനയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഫാഷന്‍ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്റെ നേതൃത്വത്തിലാണ് മുംബൈയിലെ കോര്‍ഡേലിയ എന്ന ആഡംബര കപ്പലില്‍ മൂന്ന് ദിവസത്തെ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷന്‍, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘാടകരുടെ ക്ഷണപ്രകാരമാണ് ആര്യന്‍ ഖാന്‍ എത്തിയതെന്നാണ് വിവരം. എന്നിട്ടും കേസില്‍ ഇപ്പോള്‍ ആര്യന്‍ഖാനാണ് ഒന്നാം പ്രതി.

കപ്പലില്‍ നിരോധിത ലഹരി മരുന്നുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി ഉദ്യോഗസ്ഥരും യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറുകയായിരുന്നു എന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്. കപ്പല്‍ നടുക്കടലില്‍ എത്തിയതോടെയാണ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. എംഡിഎംഎ, കൊക്കെയിന്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടികൂടിയെന്ന് എന്‍സിബി സംഘം വ്യക്തമാക്കി. ‘രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിന്റെ ഫലമാണിത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ചില ബോളിവുഡ് ബന്ധങ്ങള്‍ വ്യക്തമായി’- എന്‍സിബി മേധാവി എസ് എന്‍ പ്രധാന്‍ എ.എന്‍.ഐയോട് പറഞ്ഞു. അതിനിടെ, മുഖ്യപ്രതികളായ ആര്യന്‍ഖാന്റെയും അര്‍ബാസ് മര്‍ച്ചന്റിനെയും മുണ്‍മുണ്‍ ധമേച്ചയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടി നല്‍കണമെന്ന് എന്‍സിബി ആവശ്യപ്പെടുമെന്നാണ് വിവരം.