എ പ്ലസ് കൂടുതലാണ് ; പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ കൃത്യമായ നിലപാട് പറയാതെ വിദ്യാഭ്യാസമന്ത്രി
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റും കഴിഞ്ഞതോടെ സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യത്തിനില്ലെന്ന യാഥാര്‍ത്ഥ്യം ഒളിച്ചുവക്കാനാവാത്ത സ്ഥിതിയാണ്. വീടിനടത്തുള്ള സ്‌കൂളില്‍ എല്ലാവര്‍ക്കും പ്രവേശനം കിട്ടുന്നത് ബുദ്ധിമുട്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. സപ്‌ളിമെന്ററി അലോട്ട്‌മെന്റിന് ശേഷം ജില്ലാടിസ്ഥാനത്തില്‍ വിഷയം പരിശോധിക്കുമെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇപ്രാവശ്യം എ പ്ലസിന്റെ എണ്ണം കൂടുതലാണെന്നും അത് മനപ്പൂര്‍വ്വം കൂട്ടിക്കൊടുത്തല്ലെന്നും വിദ്യാഭ്യാസ മന്ത്രി സഭയില്‍ വിശദീകരിച്ചു. കൊവിഡ് കാലഘട്ടമാണ്, പാഠപുസ്തകം മുഴുവന്‍ പഠിക്കണമെന്ന് പറയാന്‍ പറ്റില്ലല്ലോ. നമ്മുടെ മക്കളാണ് അവര്‍. അത് കൊണ്ട് ഫോക്കസ് ഏരിയ കൊടുത്തു. അത് നന്നായി പഠിച്ച് കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ എ പ്ലസിന്റെ എണ്ണം കൂടി.
വീടിനടുത്ത് തന്നെ സീറ്റ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകും, അത് സപ്ലിമെന്ററി ലിസ്റ്റ് വരുമ്പോഴേക്ക് പരിഹരിക്കാന്‍ ശ്രമിക്കുന്നു. ഇതായിരുന്നു മന്ത്രിയുടെ മറുപടി. വിഷയത്തില്‍ ഉത്കണ്ട വേണ്ടെന്നാണ് മന്ത്രി പറയുന്നത് പക്ഷേ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടും സീറ്റ് കൂട്ടുന്നതിനും പുതിയ ബാച്ച് അനുവദിക്കുന്നതിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പരാതി പ്രളയമാണ്.രണ്ടാംഘട്ട അലോട്ട്‌മെന്റ് തീര്‍ന്നപ്പോള്‍ മെറിറ്റ് സീറ്റില്‍ ബാക്കിയുള്ളത് 655 സീറ്റ് മാത്രമാണ്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും പുറത്തായ സ്ഥിതി. വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്.
അതേസമയം സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യറായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകള്‍ ഉണ്ടാകും. ഉച്ചവരെയാണ് ക്ലാസ് നടത്തുക. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഒരുക്കും. പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക എന്നും മന്ത്രി വ്യക്തമാക്കി.