ലഖിംപൂര്‍ : ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ? യുപി സര്‍ക്കാരിനോട് സുപ്രീം കോടതി

ലഖിംപൂര്‍ സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. നിര്‍ഭാഗ്യകരമായ സംഭവമെന്ന് വിലയിരുത്തിയ കോടതി, കേസിന്റെ വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആര്‍ക്കൊക്കെ എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ആരാഞ്ഞ കോടതി, സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോയെന്നും ചോദിച്ചു. കേസില്‍ യുപി സര്‍ക്കാര്‍ നാളെ വിശദാംശം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ലവ്പ്രീതിന്റെ അമ്മയ്ക്ക് അടിയന്തര ചികിത്സ നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.

കേസ് സ്വമേധാ എടുത്തതല്ലെന്നും അഭിഭാഷകരുടെ പരാതിക്കത്ത്, പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിക്കുകയായിരുന്നുവെന്നും കോടതി വിശദീകരിച്ചു. കത്തെഴുതിയ അഭിഭാഷകര്‍ക്ക് അറിയിപ്പ് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സ്വമേധയാ എടുത്ത കേസെന്ന് ആശയക്കുഴപ്പം കാരണം രേഖപ്പെടുത്തിയതാണെന്ന് സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കവേ അറിയിച്ചത്. കര്‍ഷക സംഘര്‍ഷം ഹൈക്കോടതി മുന്‍ ജഡ്ജി പ്രദീപ് കുമാര്‍ അന്വേഷിക്കും. രണ്ട് മാസത്തെ സമയം കമ്മീഷന് നല്‍കിയിട്ടുണ്ട്. നേരത്തെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാകും അന്വേഷിക്കുകയെന്നതില്‍ തീരുമാനമായിരുന്നില്ല. സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ജുഡിഷ്യല്‍ കമ്മീഷനെ നിയമിച്ചത്.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്കാണ് മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതേസമയം സമാനമായ സംഭവമാണ് ഹരിയാനയിലും ഇന്ന് ഉണ്ടായത്. ബിജെപി എംപി നെയ്യാബ് സിങ് സെയ്നി കര്‍ഷക പ്രതിഷേധത്തിനു നേരെ കാറിടിച്ചു കയറ്റുകയായിരുന്നു. വധശ്രമത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ആളുകളുടെ ഇടയിലേക്ക് ബിജെപി എംപി നയാബ് സൈനി സഞ്ചരിച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. പരിക്കേറ്റ കര്‍ഷകനെ നരിന്‍ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന ഉടമയ്‌ക്കെതിരെ പൊലീസ് എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.