ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കുട പിടിച്ചാല്‍ കനത്ത പിഴ
ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ കേരളത്തില്‍ കുറ്റം. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാന്‍ പാടില്ല. ഗതാഗത കമ്മീഷണര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് കുടചൂടിയുള്ള ഇരുചക്രവാഹന യാത്രകളെ തുടര്‍ന്നുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. മഴക്കാലത്തുള്‍പ്പെടെ ഇരുചക്രവാഹനയാത്രക്കാര്‍ കുട ചൂടി യാത്ര ചെയ്യുന്നത് പതിവാണ്. വാഹനം മുന്നോട്ട് നീങ്ങുമ്പോഴുള്ള കാറ്റില്‍ കുട പിന്നിലേക്ക് പാറിപ്പോകുന്നതും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും യാത്രക്കാര്‍ക്ക് മരണംവരെ സംഭവിക്കുന്നതുമായ അപകടങ്ങള്‍ വര്‍ധിക്കുന്നത് കൂടി കണക്കിലെടുത്താണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 177.എ പ്രകാരം ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹമാണ്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ പിഴ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതേസമയം ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തവില്‍ പിഴയെക്കുറിച്ചുള്ള വ്യക്തത വരുത്തിയിട്ടില്ല. 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 184 (f) അനുസരിച്ച് ശിക്ഷാര്‍ഹവും, 2017 ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിംഗ്) റെഗുലേഷന്‍സ് ലെ 5 (6), 5 (17) എന്നിവയുടെ ലംഘനമാണെന്നാണ് പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.